സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിൽ വീടുകളുടെ വില കുറയുന്നുവെന്ന വാർത്തകൾക്ക് പിറകെ മോർട്ട്‌ഗേജ് നയങ്ങളിൽ ഉദാരമായ ഇളവ് വരുത്തണമെന്ന് പാർലിമെന്റ് സമിതി. ആദ്യമായി വീടു വാങ്ങുന്നവരുടെ മോർട്ട്‌ഗേജുമായി ബന്ധപ്പെട്ട സെൻട്രൽ ബാങ്കിന്റെ പുതിയ നയം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ഡോൾ നിയോഗിച്ച കമ്മറ്റിയാണ് ഇന്നലെ സെൻട്രൽ ബാങ്കിന് നിർദേശം നല്കിയത് .രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന ഭവനപ്രതിസന്ധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്മറ്റിയുടെ പുതിയ നിർദ്ദേശം. ഒട്ടും സമയം പാഴാക്കാതെ തന്നെ നയം പുനഃപരിശോധിക്കാനാണ് ബാങ്കിനോട് കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
മോർട്ട്‌ഗേജ് നയത്തിൽ അടിമുടിയുള്ള അഴിച്ചു പണി നടപ്പാക്കാനുള്ള പദ്ധതിയാണ് രൂപപ്പെടുന്നത്.
ഇതിനു പുറമെ നിർമ്മാണ പ്രവൃത്തികൾക്കുള്ള വാറ്റ് 13.5 % എന്ന് നിലവിലുള്ളത് 4.5% ആക്കി പരീക്ഷണാർത്ഥം കുറയ്ക്കുക എന്ന നിർദ്ദേശവും കമ്മറ്റി മുന്നോട്ടു വച്ചു. ഇത് നിർമ്മാണ മേഖലയെ ത്വരിതപ്പെടുത്തും എന്നാണ് കമ്മറ്റി കരുതുന്നത്.ഈ ഒരൊറ്റ നടപടി നടപ്പായാൽ പോലും ഡബ്ലിൻ മേഖലയിലെ ഭവനവില 25000 യൂറോ മുതൽ ഒരു ലക്ഷം യൂറോ വരെ കുറവ് വരും.
196 പേജ് വരുന്ന റിപ്പോർട്ട് സോഷ്യൽ ഹൗസിങ്, സ്വകാര്യ വാടക വീടുകൾ, സ്വകാര്യ ഭവന മേഖല, മോർട്ട്‌ഗേജ് പ്രതിസന്ധി, ഭവന ധനസഹായം, നാമ, വഴിയാധാരമാക്കപ്പെട്ടവർ എന്നിവയെല്ലാം പരിഗണിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോഴത്തെ സെൻട്രൽ ബാങ്ക് നയം അനുസരിച്ച് ആദ്യമായല്ലാതെ വീടു വാങ്ങുന്നവർക്ക് മോർട്ട്‌ഗേജിന് 80% ലോൺ ടു വാല്യു (എൽടിവി) ലഭിക്കും. ആദ്യമായി വീടു വാങ്ങുന്നവർക്കാകട്ടെ, പരമാവധി 220,000 യൂറോ വരെ 90% എൽടിവി ലഭിക്കും. ഇത്തരക്കാരുടെ പ്രോപ്പർട്ടിക്ക് 220,000 യൂറോയ്ക്ക് മുകളിലാണ് മതിപ്പു വിലയെങ്കിൽ ആദ്യത്തെ 220,000 യൂറോയ്ക്ക് 90%, ബാക്കി വിലയ്ക്ക് 80% എന്നിങ്ങനെയാകും എൽടിവി ലഭിക്കുക. എന്നാൽ ഈ നിയമം കാരണം ആദ്യമായി വീടു വാങ്ങുന്നവരിൽ പലർക്കും വീടു വാങ്ങാനുള്ള ഡെപ്പോസിറ്റ് നൽകാൻ പോലും കഴിയുന്നില്ലെന്നാണ് കമ്മറ്റിയുടെ വിലയിരുത്തൽ.