ദമ്മാം: 2015 ജനുവരി 26 ന്, ക്യാൻസർ രോഗബാധിതയായി മരണമടഞ്ഞ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച്, നവയുഗം കേന്ദ്രകമ്മിറ്റിയും മേഖല കമ്മിറ്റികളും വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിയ്ക്കാൻ തീരുമാനിച്ചു.
സഫിയയുടെ മരണദിവസമായ ജനുവരി 26 ചൊവ്വാഴ്ച, സൗദി സമയം വൈകുന്നേരം 6.45 ന്, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ഓൺലൈനിൽ “അനുസ്മരണസന്ധ്യ” എന്ന പേരിൽ അനുസ്മരണ യോഗം സംഘടിപ്പിയ്ക്കും. മുൻമന്ത്രിയും സിപിഐയുടെ ദേശീയ നിർവ്വാഹകസമിതി അംഗവുമായ കെ.ഇ.ഇസ്മായിൽ, സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ “സഫിയ അജിത്ത് അനുസ്മരണസന്ധ്യ” ഉത്‌ഘാടനം ചെയ്യും. നവയുഗം കേരള ഘടകം ജനറൽ സെക്രട്ടറി കെ.ആർ.അജിത്ത് മുഖ്യപ്രഭാഷണം നടത്തും. പ്രവാസമേഖലയിലെയും, നാട്ടിലെയും സാമൂഹ്യസാംസ്ക്കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 5 വെള്ളിയാഴ്ച ദമ്മാമിൽ രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കും. രാവിലെ എട്ടു മണി മുതല്‍ ദമ്മാം കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ഹോപിറ്റലില്‍ ആണ് രക്തദാനക്യാമ്പ് നടക്കുക. സഫിയയുടെ ഓർമ്മയ്ക്കായി തുടർച്ചയായ അഞ്ചാം വർഷമാണ് നവയുഗം രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. മുൻവർഷങ്ങളിലെന്ന പോലെ നവയുഗത്തിന്റെ എല്ലാ മേഖലാ, യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും, നേതാക്കളും, പ്രവാസികളും, കുടുംബങ്ങളും, അടക്കം നൂറുകണക്കിന് ആളുകൾ രക്തദാനക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്ത്, ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകും.
രക്തദാനം ഓരോ വ്യക്തിയുടെയും മനുഷ്യത്വം വിളിച്ചോതുന്ന മഹത്തായ ഒരു കാരുണ്യമാണെന്നും, എല്ലാ പ്രവാസികളെയും സഫിയയുടെ അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ രക്തദാനപരിപാടിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിയ്ക്കുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0532657010, 0557133992,0530642511, 0502803626, 0537521890 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.