ന്യൂസിലാന്‍ഡിനെ സിഗരറ്റ് മുക്തമാക്കാന്‍ കടുത്ത നടപടികളുമായി രാജ്യം. 2009ന് ശേഷം ജനിച്ചവര്‍ക്ക് പുകവലിക്കാനുള്ള സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ ലഭ്യത കുറയ്ക്കാനുള്ള നടപടിയിലാണ് ന്യൂസിലാന്‍ഡ് ഉള്ളത്. കാലാന്തരത്തില്‍ ന്യൂസിലാന്‍ഡിനെ പുകയില മുക്തമാക്കാനാണ് നീക്കം. പുകവലിക്കാനുള്ള പ്രായം വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണ് ന്യൂസിലാന്‍ഡ് സര്‍ക്കാരിനുള്ളത്.
50 വർഷം കഴിഞ്ഞ് ഒരു പായ്ക്ക് സിഗരറ്റ് വാങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ആവശ്യമായി വരുന്ന സാഹചര്യമൊരുക്കുന്നതാണ് പുതിയ നിയമം. എന്നാല്‍ അതിന് മുന്‍പ് തന്നെ പുകവലി ശീലം രാജ്യത്ത് നിന്ന് ഒഴിവാകുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. 2025ഓടെ ന്യൂസിലാന്‍ഡ് പുകയില മുക്തമാവുമെന്നാണ് വിലയിരുത്തല്‍. ഉപയോഗിക്കുന്നവരില്‍ പകുതിയിലും അധികം ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്ന ഒരു ഉല്‍പ്പന്നത്തിന്‍റെ വില്‍പന പ്രോത്സാഹിപ്പിക്കേണ്ട ഒരു കാരണം പോലുമില്ലെന്നാണ് ന്യൂസിലാന്‍ഡിലെ ആരോഗ്യ സഹമന്ത്രി ഡോക്ടര്‍ ആയിഷ വെരാല്‍ പാര്‍ലമെന്‍റിനെ അറിയിച്ചത്.
പുതിയ നിയമം അനുസരിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്. നേരത്തെ 6000 സിഗരറ്റ് വിറ്റിരുന്ന സ്ഥാപനത്തിന് ഇനിമുതല്‍ 600 സിഗരറ്റ് വില്‍ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. ഇതിന് പുറമേയാണ് സിഗരറ്റിലെ നിക്കോട്ടിന്‍റെ അളവിലും കുറവ് വരുത്തണം. ആരോഗ്യ സംവിധാനങ്ങള്‍ക്ക് പുകയില ഉപയോഗത്തേ തുടര്‍ന്നുള്ള രോഗങ്ങള്‍ ചികിത്സിക്കാനായി വന്‍തുക ചെലവിടേണ്ടി വരുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകുമെന്നാണ് ആയിഷ വെരാല്‍ വിശദമാക്കുന്നത്.
ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം, അവയവങ്ങളഅ മുറിച്ച് നീക്കല്‍ എന്നീ ചികിത്സയ്ക്കായി വലിയ തുകയാണ് ആരോഗ്യ വകുപ്പിന് ചെലവിടേണ്ടി വരുന്നത്. 43 നെതിരെ 76 വോട്ടുകള്‍ നേടിയാണ് ബില്ല് പാര്‍സമെന്‍റില്‍ പാസായത്. ബില്ലിനെ എതിര്‍ത്ത വലതുപക്ഷ നേതാക്കള്‍ ചെറിയ കടകള്‍ കച്ചവടമില്ലാതെ അടച്ച് പോകേണ്ടി വരുമെന്ന ആശങ്കയാണ് പാര്‍ലമെന്‍റിനെ അറിയിച്ചത്. ഈ നിയമം മൂലം ന്യൂസിലാന്‍ഡിന് ഗുണമുണ്ടാകില്ലെന്നാണ് വലതുപക്ഷ നേതാക്കള്‍ വിലയിരുത്തുന്നത്.