സ്വന്തം ലേഖകൻ
കില്ലാർണി: അയർലണ്ടിലെ നഴ്‌സിങ് മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് അസോസിയേഷൻ (ഐഎൻഎംഒ) ജനറൽ സെക്രട്ടറി ലിയാം ഡോറൻ. തിങ്ങിനിറഞ്ഞ അത്യാഹിത വിഭാഗം, നഴ്‌സുമാർക്കുനേരെയുള്ള ശാരീരികവും വാക്കുകൾ കൊണ്ടുമുള്ള അധിക്ഷേപങ്ങൾ, ട്രോളികളിലും ബെഡുകളിലും നിറഞ്ഞിരിക്കുന്ന രോഗികൾ എന്നിങ്ങനെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണ്. 2009നെ അപേക്ഷിച്ച് രാജ്യത്ത് ഇപ്പോൾ 3,500 നഴ്‌സുമാരുടെ കുറവുണ്ടെന്നും ഡോറൻ കൂട്ടിച്ചേർത്തു.
നഴ്‌സുമാർക്കുനേരെ പല രോഗികളും ബന്ധുക്കളും മോശം പദപ്രയോഗങ്ങൾ നടത്തുകയും ശരിയായ രീതിയിൽ ജോലി ചെയ്യുന്നില്ല എന്ന് വിമർശിക്കുകയും ചെയ്യുന്നതും പതിവായിരിക്കുകയാണ്.വാരാന്ത്യങ്ങളിൽ മദ്യപിച്ച അവസ്ഥയിൽ ആശുപത്രിയിലെത്തുന്ന രോഗികളും ബന്ധുക്കളും ഇത്തരത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് സ്ഥിരം ശീലമാക്കിയിരിക്കുകയാണെന്ന് ലിയാം ഡോറൻ പറഞ്ഞു. നഴ്‌സുമാർക്കുനേരെയുള്ള അധിക്ഷേപങ്ങൾ പതിവാണെങ്കിലും ഇവർ പരാതി നൽകാൻ തയ്യാറാകുന്നില്ല.
ഇന്ന് മുതൽ കൌണ്ടി കെറിയിലെ കില്ലാർണിയിൽ ആരംഭിക്കുന്ന ഐ എൻ എം ഓ യുടെ വാർഷിക പൊതുയോഗത്തിന്റെ മുഖ്യ ചർച്ചാവിഷയം നഴ്‌സുമാർക്ക് നേരെയുള്ള അധിക്ഷേപങ്ങൾ എന്നതാണ്.നഴ്‌സുമാർ ഇത്തരത്തിൽ അപമാനിക്കപ്പെടുന്നത് ഒഴിവാക്കപ്പെടാനുള്ള മാർഗങ്ങൾ സർക്കാരിന് സമർപ്പിക്കുമെന്ന് ഐ എൻ എം ഓ ഭാരവാഹികൾ പരഞ്ഞു.