ദമ്മാം: വിമാനങ്ങളുടെ ദൗർലഭ്യതമൂലം നാട്ടിലേക്ക് മടങ്ങുവാനുള്ള പ്രവാസികളുടെ യാത്രാക്ലേശം രൂക്ഷമായപ്പോൾ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ യുടെ ചാർട്ടേഡ് വിമാന സർവീസുകൾക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. കാശെത്രയായാലും കുഴപ്പമില്ല, എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന യാത്രക്കാരുടെ മനോഭാവത്തെ ചൂഷണം ചെയ്യുന്ന തരത്തിൽ ചില പ്രവാസി സംഘടനകൾ ഉൾപ്പെടെയുള്ളവർ ചാർട്ടേഡ് വിമാന സർവീസുകളെ ഉത്സവക്കച്ചവടമാക്കി അരങ്ങുവാഴുമ്പോഴാണ് ദമ്മാം ഒ ഐ സി സി രംഗപ്രവേശം ചെയ്തത്. രണ്ടായിരവും അതിലധികവും ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായിറങ്ങിയ ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവ് വരുത്തിക്കൊണ്ട് നടത്തിയ ആദ്യ സർവീസിലൂടെ തന്നെ കച്ചവട കണ്ണോടെ ചാർട്ടേഡ് വിമാനസർവീസുകൾ നടത്തിയവർക്ക് ശക്തമായ സന്ദേശം നൽകുവാൻ ദമ്മാം ഒ ഐ സി സി ക്ക് കഴിഞ്ഞു.
ദമ്മാം ഒ ഐ സി സി യുടെ ചാർട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റിനായി സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ആവശ്യക്കാർ ധാരാളമായി അന്വേഷിച്ചെത്തുന്നുണ്ട്. ഓരോ പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിക്കുമ്പോഴും മണിക്കൂറുകൾക്കകമാണ് സീറ്റുകൾ ഫുൾ ആകുന്നത്. ഇതുവരെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെല്ലാം കൃത്യത പാലിച്ചതും, കുറഞ്ഞ ടിക്കറ്റ് നിരക്കുമാണ് ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ യുടെ ചാർട്ടേഡ് വിമാനസർവീസുകളെ പ്രവാസികൾക്കിടയിൽ ജനപ്രിയമാക്കിയത്. ആഗസ്റ്റ് 4, 7, 10 തിയതികളിലായി കൊച്ചിയിലേക്ക് രണ്ടും കോഴിക്കോട്ടേക്ക് ഒരു സർവീസുമാണ് ഈ ആഴ്ചയിൽ ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി നടത്തിയത്. ആഗസ്റ്റ് ഏഴാം തിയതി കോഴിക്കോട് വിമാനാപകടം നടന്ന ദിവസം ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ യുടെ ഇൻഡിഗോ ചാർട്ടേഡ് വിമാനം അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അവിടെ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, അപകടത്തെ തുടർന്ന് ദമ്മാം ഒ ഐ സി സി യുടെ വിമാനം ബാംഗ്ലൂർ വിമാനത്താവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു.
വിമാനാപകട വാർത്തയെ തുടർന്ന് ദമ്മാം ഒ ഐ സി സി യുടെ വിമാനത്തിൽ യാത്ര ചെയ്തവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ഒ ഐ സി സി യുടെ നേതാക്കളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ആയതിലേക്ക് പ്രത്യേക ഹെൽപ് ഡെസ്ക് അടിയന്തിരമായുണ്ടാക്കി കൃത്യമായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. മൂന്ന് മണിക്കൂറുകൾക്കുശേഷം ബാംഗ്ലൂരിൽ നിന്നും ഒ ഐ സി സി യുടെ വിമാനം കണ്ണൂരിലാണ് പറന്നിറങ്ങിയത്. കണ്ണൂരിലെത്തിയ ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി യുടെ ചാർട്ടേഡ് വിമാനത്തിലെത്തിയ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി എന്നിവരെ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ബന്ധപ്പെടുകയുണ്ടായി. തുടർന്ന് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സുധീപ്
ജെയിംസും, യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഫർസീൻ മജീദും അടങ്ങുന്ന മട്ടന്നൂർ യൂത്ത് കോൺഗ്രസ് ടീം പെരുമഴയെപ്പോലും വകവയ്ക്കാതെ യാത്രക്കാർക്ക് ഭക്ഷണം നൽകുന്നതിലും, നാട്ടിലേക്കുള്ള വാഹനം തരപ്പെടുത്തിക്കൊടുക്കുന്നതിലും പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്. യാത്രക്കാർ പിറ്റേദിവസം രാവിലെ അവരുടെ വീടുകളിൽ എത്തുന്നതുവരെ ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ ടീം യാത്രക്കാരുമായി നിരന്തരം ബന്ധപ്പെട്ട് അവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങളും ആവശ്യമായ സഹായങ്ങളും നൽകിക്കൊണ്ടിരുന്നതും യാത്രക്കാർക്കും, അവരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഏറെ മതിപ്പുളവാക്കുകയുണ്ടായി.
ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കൽ രക്ഷാധികാരിയും റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ചെയർമാനുമായ ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടിയാണ്. ശിഹാബ് കായംകുളമാണ് കൺവീനർ. അഷറഫ് മുവാറ്റുപുഴ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ.സലിം, ഷംസു കൊല്ലം, റഷീദ് ഇയ്യാൽ, നിസ്സാർ മാന്നാർ, തോമസ് തൈപ്പറമ്പിൽ, ഹമീദ് കണിച്ചാട്ടിൽ, ഡെന്നീസ് മണിമല, ലാൽ അമീൻ, ഇ.എം.ഷാജി, നജീബ് നസീർ, പ്രസാദ് കരുനാഗപ്പള്ളി, ഷാഫി കുദിർ, അഷറഫ് കൊണ്ടോട്ടി, നവാസ് കരുനാഗപ്പള്ളി, അജാസ് അലി, അബ്ദുൽ ഗഫൂർ വണ്ടൂർ, അസ്ലം ഫെറോക്ക്, ബിനു പുരുഷോത്തമൻ, സന്തോഷ് പിള്ള, ജമാൽ സി മുഹമ്മദ് എന്നിവരാണ് ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി യുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നാണ് ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി യുടെ കൊച്ചിയിലേക്കുള്ള അടുത്ത വിമാനം ഒരുക്കിയിട്ടുള്ളത്. ദമ്മാം ഒ ഐ സി സി യുടെ ഇത്തവണത്തെ സ്വാതന്ത്ര്യദിന പരിപാടികളുടെ ഭാഗമായാണ് അന്നേദിവസം തന്നെ വിമാനം ചാർട്ട് ചെയ്തിരിക്കുന്നത്.