ദമ്മാം: സ്വാതന്ത്ര്യദിനപ്പുലരിയിൽ ‘ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി’ കൊച്ചിയിലേക്ക് ഓപ്പറേറ്റ് ചെയ്ത ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാർക്ക് ചോക്ലേറ്റും സ്വാതന്ത്ര്യദിന ആശംസാകാർഡുകളും നൽകിയായിരുന്നു ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചത്. കോവിഡ് കാലഘട്ടത്തിലെത്തിയ സ്വാതന്ത്ര്യദിനത്തിൽ ദമ്മാമിൽ നിന്നുള്ള ഒ ഐ സി സി യുടെ ഏഴാമത്തെ ചാർട്ടേഡ് വിമാനം സ്വാതന്ത്ര്യ ദിനത്തിൽ തന്നെ ഓപ്പറേറ്റ് ചെയ്യണമെന്ന് ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി യുടെ സംഘാടകർ തീരുമാനിക്കുകയായിരുന്നു. ഇതിനായി പതിനഞ്ചാം തിയതി തന്നെ സ്ലോട്ട് അനുവദിച്ച് കിട്ടുന്നതിന് വേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തിയാണ് ആഗസ്റ്റ് പതിനഞ്ചിന് തന്നെ എയർലൈൻ അധികൃതരിൽ നിന്നും സ്ലോട്ട് തരപ്പെടുത്തിയെടുത്തത്.
രാവിലെ പത്തരയ്ക്ക് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യേണ്ടവർ രാവിലെ ആറു മണിക്ക് മുമ്പായി വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി സംഘാടകർ യാത്രക്കാർക്ക് മഹാത്മജിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും ഒപ്പം, രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ പതിപ്പിച്ച മനോഹരമായ പി പി ഇ കിറ്റിനൊപ്പം ചോക്ലേറ്റും സ്വാതന്ത്ര്യദിന ആശംസാ കാർഡുകളും ബോർഡിംഗിന് മുമ്പായി നൽകിയാണ് യാത്രയാക്കിയത്. കുഞ്ഞുങ്ങളും മുതിർന്നവരുമടക്കമുള്ള യാത്രക്കാർ ചോക്ലേറ്റും ആശംസാകാർഡുകളും വളരെ കൗതുകത്തോടും സന്തോഷത്തോടും കൂടിയാണ് സ്വീകരിച്ചത്. ഇരുന്നൂറ്റി പതിനാല് യാത്രക്കാരാണ് ഈ വിമാനത്തിൽ യാത്ര ചെയ്തത്. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയാണ് ചോക്ലേറ്റും ആശംസാകാർഡുകളും നൽകി ദമ്മാം ഒ ഐ സി സി യുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വിമാനത്താവളത്തിൽ തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കലും യാത്രക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഫ്ലൈ വിത്ത് ദമ്മാം ഒ ഐ സി സി യുടെ ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടിയും, കൺവീനർ ശിഹാബ് കായംകുളവും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
തുടർന്ന്, വൈകിട്ട് പി ടി തോമസ് എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്ത സ്വാതന്ത്ര്യദിന വെർച്ച്വൽ സമ്മേളനം സൂം ആപ്ലിക്കേഷനിലൂടെ നടത്തി. ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞു. മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും മൗലാനാ അബ്ദുൽ കലാം ആസാദും സർദാർ വല്ലാഭായ് പട്ടേലുമടക്കമുള്ള നേതാക്കൾ സമാനതകളില്ലാത്ത സമരങ്ങളിലൂടെയാണ് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുത്തത്. ദാരിദ്ര്യത്തിൻറെ പടുകുഴിയിൽ നിന്നാണ് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിൽ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് ലോകത്തിൻറെ നെറുകയിലേക്ക് ഇന്ത്യയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് ദമ്മാം ഒ ഐ സി സി നൽകിയ സേവനപ്രവർത്തനങ്ങൾ മഹത്തരമാണെന്നും, ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ദമ്മാം ഒ ഐ സി സി നേതാക്കളെ അഭിന്ദിക്കുന്നതായും പി ടി തോമസ് പറഞ്ഞു.
ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അഷറഫ് മുവാറ്റുപുഴ, സിറാജ് പുറക്കാട്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ശിഹാബ് കായംകുളം, ഷംസു കൊല്ലം, റഷീദ് ഇയ്യാൽ, നിസാർ മാന്നാർ, രാധികാ ശ്യാം പ്രകാശ്, ബുർഹാൻ ലബ്ബ, അബ്ബാസ് തറയിൽ, സോമൻ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. ഇ കെ സലിം സ്വാഗതവും, റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.