ഒ ഐ സി സി യൂത്ത് വിംഗ് ‘യുവജന ജാഗ്രതാ സദസ്സ്’ സംഘടിപ്പിച്ചു

ദമ്മാം: ഓവർസീസ്‌ ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ്സ് (ഒ ഐ സി സി) ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ യൂത്ത് വിംഗ് വിഭാഗം യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാപകദിനം, ക്വിറ്റ്‌ ഇന്ത്യാ ദിനം, ഇന്ത്യൻ സ്വാതന്ത്ര്യദിനം എന്നിവ സമന്വയിപ്പിച്ച് കൊണ്ട് ‘യുവജന ജാഗ്രതാ സദസ്സ്’ സംഘടിപ്പിച്ചു. ദമ്മാം റോസ് ആഡിറ്റോറിയത്തിൽ യൂത്ത് വിംഗ് റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്‌ നബീൽ നെയ്തല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ‘യുവജന ജാഗ്രതാ സദസ്സ്’ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ദളിത്‌ പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും പരമോന്നത പദവിയായ രാഷ്ട്രപതി, പ്രധാനമന്ത്രി പദങ്ങളിൽവരെ അവരെ എത്തിച്ച ഇന്ത്യയിലെ ഏക ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ ബിജു കല്ലുമല പറഞ്ഞു. കേരളത്തിൽ ഈഴവ സമുദായംഗമായ ആർ.ശങ്കറിനെയും, മുസ്ലീം സമുദായംഗമായ സിഎച്ച്.മുഹമ്മദ്‌ കോയയെയും ക്രൈസ്തവ വിശ്വാസിയായ ഉമ്മൻ ചാണ്ടിയെയും മുഖ്യമന്ത്രിമാരാക്കാനുള്ള വിശാല കാഴ്ചപ്പാടും മതേതര ചിന്താഗതിയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന് മാത്രം അവകാശപ്പെട്ടതാണ്. മതേതരത്വവും ന്യൂനപക്ഷ ക്ഷേമവും പറയുന്ന സി പി എമ്മിനും ഇടതുപക്ഷത്തിനും വാക്കും പ്രവൃത്തിയും തമ്മിൽ ഒരു പൊരുത്തവുമില്ലെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ നിഷ്പ്രയാസം മനസ്സിലാക്കുവാൻ സാധിക്കും. ഏറ്റവും ഒടുവിലായി സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കുന്നത് സമുദായ നേതാക്കളെപ്പോലെയാണ്. മതേതരത്വത്തിനും ജനാധിപത്യത്തിനും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന വർത്തമാനകാല ഇന്ത്യയിൽ യുവജനങ്ങൾ ജാഗരൂകരായി പ്രവർത്തിക്കണമെന്നും ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഒരുപോലെ കാണുവാനും എല്ലാവർക്കും സാമൂഹ്യ നീതി ഉറപ്പാക്കുവാനും കഴിയുന്ന ഏക രാഷ്ട്രീയപ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിൽ തിരിച്ച്കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യുവജന സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യൻ യുവത പണ്ടെന്നത്തേക്കാളും ജാഗ്രതയോടുകൂടി പ്രവർത്തിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ:കെ.വൈ.സുധീന്ദ്രൻ പറഞ്ഞു. മതേതരത്വ പൈതൃക പാരമ്പര്യത്തിന് ലോകരാജ്യങ്ങൾക്ക് മാതൃകയായ ഇന്ത്യയിൽ, ഇപ്പോൾ അധികാരം കയ്യാളുന്ന ഫാസിസ്റ്റ് ശക്തികൾ പ്രത്യക്ഷമായും പരോക്ഷമായും മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ കളങ്കപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും യുവജന ജാഗ്രതാ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ യുവജന വിഭാഗം ഈ വെല്ലുവിളി ഏറ്റെടുത്ത് നമ്മുടെ പൂർവ്വികർ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യവും പകർന്ന് തന്ന മതേതരത്വ പാരമ്പര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കുവാൻ പ്രതിജ്ഞാ ബദ്ധരായിരിക്കണമെന്നും അഡ്വ: കെ.വൈ.സുധീന്ദ്രൻ ഓർമ്മിപ്പിച്ചു.

രക്തച്ചൊരിച്ചിലില്ലാതെ സഹനസമരത്തിലൂടെ മഹാത്മജിയും ധീര ദേശാഭിമാനികളും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നപ്പോൾ ‘ഭാരത്‌ മാതാ കീ ജയ്‌’ എന്ന് വിളിക്കുവാനും ആ സുവർണ്ണനിമിഷം ആഘോഷിക്കുവാനും സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സ് പ്രവർത്തകർ മാത്രമേ ഉണ്ടായിരുന്നുവെള്ളൂവെന്നും അതിനവർക്ക് മാത്രമാണ് അർഹതയുള്ളതെന്നും ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയംഗം സി.അബ്ദുൽ ഹമീദ് പറഞ്ഞു. ഇ.കെ.സലിം, മുഹമ്മദലി പാഴൂർ, ബിജു കുട്ടനാട്, സഫിയാ അബ്ബാസ്, മിനി ജോയ് എന്നിവർ സംസാരിച്ചു. അഡ്വ:കെ.വൈ.സുധീന്ദ്രൻ യുവജന ജാഗ്രതാ സദസ്സിൽ ദേശീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് വിംഗ് സെക്രട്ടറി ഷൈജുദ്ദീൻ ചിറ്റേടത്ത് സ്വാഗതവും ജനറൽ സെക്രട്ടറി സി.കെ.നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. കൾച്ചറൽ സെക്രട്ടറി അംജത് അടൂർ അവതാരകനായിരുന്നു. കിച്ചു കായംകുളം, ബുർഹാൻ ലബ്ബ എന്നിവർ നേതൃത്വം നൽകി.

Top