സ്വന്തം ലേഖകൻ
ഡബ്ലിൻ: മെഡൽ നേടി അഭിമാനമുയർത്തിയെങ്കിലും ടിക്കറ്റ് വിൽപ്പനയിൽ തിരിമറി കാണിച്ചതിന്റെ പേരിൽ ഐറിഷ് ഒളിംപ്ക് കൗൺസിൽ പ്രസിഡന്റ് പാറ്റ് ഹിക്കി (71) റിയോ ഡി ജനീറോയിലെ ജയിലിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. 1989 മുതൽ പ്രസിഡന്റാണ് ഹിക്കി. കനത്ത സുരക്ഷയിലാണ് ഇദ്ദേഹത്തെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഏഴു വർഷത്തോളം ജയിൽശിക്ഷ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.മാത്രമല്ല ഐറിഷ് സംഘത്തിന്റെ മുഴുവൻ പേരിൽ അഴിമതി ആരോപണം ഉയരുകയും ചെയ്തു.
ടിക്കറ്റ് വിൽപ്പന തിരിമറി നടത്തിയിലൂടെ 2.8 മില്ല്യൺ ഡോളർ അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. ഹിക്കിയുടെ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ തങ്ങൾ പരിശോധിച്ചതിൽ നിന്നും ന്യായമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ബ്രസീലിയൻ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ഐറിഷുകാരനായ കെവിൻ ജെയിംസ് (36) ഒളിംപിക്‌സ് ആരംഭിച്ചതു മുതൽ പൊലീസ് കസ്റ്റഡിയിലാണ്. 823ഓളം ഒളിംപിക്‌സ് ടിക്കറ്റുകൾ ഇരട്ടിക്കണക്കിന് വിലയ്ക്ക് വിറ്റു എന്നാണ് കേസ്.
പ്രോ 10 എന്ന സ്‌പോർട്‌സ് മാനേജ്‌മെന്റ് കമ്പനിയെയാണ് ഐറിഷ് ഒളിംപിക് അസോസിയേഷൻ ടിക്കറ്റ് വിൽക്കാനായി ഏൽപ്പിച്ചിരുന്നത്. എന്നാൽ പ്രോ 10ന് റിയോയിൽ പ്രതിനിധികളാരും തന്നെയില്ലാത്തതിനാൽ ടി.എച്ച്.ജി എന്ന കമ്പനിയിലെ കലക്ഷൻ ഏജന്റായ കെവിൻ മാലൺ എന്നയാളെ ടിക്കറ്റ് ഏൽപ്പിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
എഫ്.എ.ഐ ചീഫ് എക്‌സിക്യുട്ടിവും ഒളിംപിക് കൗൺസിൽ ഓഫ് അയർലണ്ട് (ഒ.സി.ഐ) വൈസ് പ്രസിഡന്റുമായ ജോൺ ഡെലാനിയുടെയും പാസ്‌പോർട്ട് പിടിച്ചെടുക്കാൻ ബ്രസീലിൽ കോടതി ഉത്തരവിട്ടു. റിയോയിലെ വിവാദമായ ടിക്കറ്റ് വിൽപ്പന കേസുമായി ബന്ധപ്പെട്ടാണ് പുതിയ ഉത്തരവ്. ഡെലാനിയുടെ ഫോണുകൾ, മറ്റ് രേഖകൾ, ലാപ്‌ടോപ്പുകൾ എന്നിവ.ും പിടിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡെലാനിക്കു പുറമെ ഒ.സി.ഐ താൽക്കാലിക പ്രസിഡന്റ് വില്യം ഒബ്രിയൻ, ഒ.സി.ഐ ഉദ്യോഗസ്ഥരായ ലിൻഡ ഒ റെയ്‌ലി, ഡെർമണ്ട് ഹെനിഹാൻ, കെവിൻ കിൽറ്റി, സ്റ്റീഫൻ മാർട്ടിൻ എന്നിവരുടെ പാസ്‌പോർട്ടുകളും പിടിച്ചെടുക്കാൻ കോടതി ഉത്തരവു നൽകിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ ഒ.സി.ഐ പ്രസിഡന്റ് പാറ്റ് ഹിക്കിയുടെ പേഴ്‌സണൽ അസിസ്റ്റന്റാണ് ലിൻഡ ഒ റെയ്‌ലി.
അറസ്റ്റ് ചെയ്യപ്പെട്ട ശേഷം കാരണം ഹിക്കിയെ ദേഹാസ്വാസ്ഥ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു ദിവസത്തിനു ശേഷം അദ്ദേഹത്തെ കനത്ത സുരക്ഷയുള്ള ബാങ്കു ജയിലിലേയ്ക്ക് മാറ്റി. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഹിക്കി നിഷേധിച്ചിട്ടുണ്ട്. ഐറിഷ് ഒളിംപിക് കൗൺസിലും ഹിക്കി നിരപരാധയാണെന്ന് നിലപാടെടുത്തു. സംഭവം തങ്ങളുടേതായ രീതിയിൽ അന്വേഷിക്കുമെന്ന് ഐറിഷ് സ്‌പോർട്‌സ് മന്ത്രി ഷെയ്ൻ റോസും, ജൂനിയർ മിനിസ്റ്റർ പാട്രിക് ഓ ഡോണോവനും അറിയിച്ചു.
ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് ഒളിംപിക്‌സ് കൗൺസിൽ ഓഫ് അയർലണ്ട് (ഒ.സി.ഐ) അന്വേഷിക്കും. ഇതിന്റെ ഭാഗമായി ഈ ആഴ്ച അവസാനം അധികൃതർ കൂടിക്കാഴ്ച നടത്തും.
ആരോപണങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നതായി ഒ.സി.ഐ ബോർഡ് വ്യക്തമാക്കി.