അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ ഒളിംപിക് ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിൽ അറസ്റ്റിലായ അയർലൻഡ് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് പാറ്റ് ഹിക്കിയെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു അറസ്റ്റിലായതിനു തൊട്ടടുത്ത സമയത്തു തന്നെ ഇദ്ദേഹത്തെ റിയോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെ തുടർന്നു ഹിക്കിയെ ഒളിംപിക്‌സ് കമ്മിറ്റിയുടെത് അടക്കം അയർലൻഡിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിനെതിരായ നടപടികൾ ആരംഭിക്കാൻ തീരുമാനം എടുത്തത്. 71 കാരനായ ഹിക്കിയെ റിയോയിൽ നിന്നു അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ ഇദ്ദേഹത്തിനു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നു ബ്രാഡാ ടിജൂക്കയിലെ സാമാരിത്താനോ ആശുപത്രിയിൽ അദ്ദേഹത്തെ പൊലീസ് സുരക്ഷയിൽ തന്നെ പാർപ്പിച്ചു. തുടർന്നാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ അയർലൻഡ് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗം, യൂറോപ്യൻ ഒളിപിംക് കമ്മിറ്റി പ്രസിഡന്റ് നാഷണൽ ഒളിംപിക് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നെല്ലാം അദ്ദേഹം രാജി വച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ രാജ്യത്ത് നടന്നതായി ആരോപണം ഉയർന്ന ഒളിംപിക് ടിക്കറ്റ് തട്ടിപ്പിന്റെ അടിസ്ഥാനത്തിൽ വിശദാമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായി സ്‌പോട്‌സ് മന്ത്രി ഷോൺ റോസ് അറിയിച്ചു.