അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഒളിംപിക് ടിക്കറ്റ് വിൽപന സംബന്ധിച്ചുള്ള വിവാദത്തിൽ നോൺ സ്റ്റാറ്റുറ്ററി അന്വേഷണം നടത്തുമെന്നു ടൂറിസം ആൻഡ് സ്‌പോട്‌സ് മന്ത്രി ഷെയിൻ റോസ്. ഇതു സംബന്ധിച്ചുള്ള അന്വേഷണ കമ്മിഷനെ കഴിഞ്ഞ ദിവസം ഇദ്ദേഹം പ്രഖ്യാപിക്കുക കൂടി ചെയ്തു. അടുത്ത ആഴ്ച തന്നെ റിട്ട.ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അറ്റോർണി ജനറൽ മറൈൻ വീലാനുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്താൻ തീരുമാനിച്ചത്. റിട്ട ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാവും ഇതു സംബന്ധിച്ചു അന്വേഷണം നടത്തുക.
അന്വേഷണ കമ്മിഷനു നൽകുന്ന ടേംസ് ആൻഡ് റഫറൻസ് സംബന്ധിച്ചു തീരുമാനം എടുത്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ കമ്മിഷനെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നു മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി എൻഡാ കെനിയും, അറ്റോർണി ജനറൽ അടക്കമുള്ളവരുമായി വിഷയം ചർച്ച ചെയ്‌തെന്നും രാജ്യത്ത് വിഷയം സംബന്ധിച്ചുള്ള അന്വേഷണം നടത്തി സുതാര്യത ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നും സർക്കാർ തലത്തിൽ അഭിപ്രായം ഉയർന്നതായും മന്ത്രി വിശദീകരിക്കുന്നു.
എന്നാൽ, അന്വേഷണം നടത്തുന്ന കാര്യത്തിൽ വിശദമായ പഠനം ആവശ്യമുണ്ടെന്നും ഇതിനു ശേഷം മാത്രം അന്വേഷണ കാര്യത്തിൽ സമ്മതം നൽകാമെന്നുമുള്ള മറുപടിയാണ് ജഡ്ജിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം സ്‌പോട്‌സ് മന്ത്രി റോസും, സ്‌റ്റേറ്റ് മന്ത്രി പാട്രിക് ഓ ഡോണാവാനുമാണ് സംയുക്ത പ്രസ്താവന നടത്തിയത്.