ദമ്മാം : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. പ്രവാസികളായ സാധാരണക്കാരുടെ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്ന അദ്ദേഹം സ്നേഹവും കരുതലും നൽകി പ്രവാസികളെ ചേർത്ത് പിടിച്ച ഭരണാധികാരിയായിരുന്നുവെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അനുസ്മരിച്ചു.
വിവിധ ഗൾഫ് രാജ്യങ്ങളിൽ തങ്ങളുടേതല്ലാത്ത കാരണത്താൽ കേസുകളിൽപെട്ട് ജയിലുകളിൽ കഴിഞ്ഞിരുന്ന കേരളീയരായ നിരവധി പ്രവാസികളെയാണ് വൻ തുകകൾ ‘ദിയ’ യായി നൽകി മരണത്തിൻറെ വക്കിൽ നിന്നും ഉമ്മൻ ചാണ്ടി രക്ഷപ്പെടുത്തിയിട്ടുള്ളത്. അതിനുവേണ്ടി തന്റെ പേഴ്‌സണൽ സ്റ്റാഫിൽപെട്ട പ്രത്യേക ദൂതനെ അതത് രാജ്യങ്ങളിലെക്കയച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്ന ഉമ്മൻചാണ്ടിയെ പ്രവാസികൾക്കൊരിക്കലും മറക്കാനാവില്ല. പ്രവാസി വിഷയങ്ങളിൽ രാഷ്ട്രീയത്തിനധീതമായ കാഴ്ചപ്പാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്നും ദമ്മാം ഒ ഐ സി സി നേതാക്കൾ അനുസ്മരിച്ചു. രാഷ്ട്രീയ പ്രവർത്തനമെന്നത് സാമൂഹിക ജീവകാരുണ്യ സേവന പ്രവർത്തനംകൂടിയാണെന്ന് കർമ്മം കൊണ്ട് തെളിയിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി
സൗദി അറേബ്യയിൽ സ്വദേശി വൽക്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ‘നിതാഖാത്ത്’ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുവാൻ പ്രയാസപ്പെട്ടിരുന്ന നൂറ് കണക്കിനാളുകൾക്ക് നോർക്ക മുഖേന സൗജന്യ വിമാന ടിക്കറ്റുകൾ നൽകിയത് ഈ അവസരത്തിൽ പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. കൂടാതെ, സൗജന്യ ടിക്കറ്റുകൾ തരപ്പെടുത്തി കൊച്ചി വിമാനത്താവളത്തിലിറങ്ങിയ അന്യസംസ്ഥാനക്കാർക്ക് കൊച്ചിയിൽ നിന്നും അവരുടെ നാട്ടിലേക്കുള്ള യാത്രാചെലവിനായി രണ്ടായിരം രൂപ വിമാനത്താവളത്തിൽ വച്ച് തന്നെ നോർക്ക ഉദ്യോഗസ്ഥരെക്കൊണ്ട് വിതരണം ചെയ്യിപ്പിച്ചതും പ്രവാസികളോട് ഉമ്മൻ ചാണ്ടി കാണിച്ചിരുന്ന കരുതലിൻറെ ഭാഗമാണ്.
ലളിതമായ ജീവിത ശൈലിയും, ജനസേവനത്തിലുള്ള ആത്മാർത്ഥതയുമാണ് ഉമ്മൻ ചാണ്ടിയുടെ മുഖമുദ്ര. യുവതലമുറയിലെ രാഷ്ട്രീയപ്രവർത്തകർ മാതൃകയാക്കേണ്ട പ്രവർത്തന ശൈലിയാണ് ഉമ്മൻ ചാണ്ടിയുടേതെന്നും, അദ്ദേഹത്തിൻറെ വിയോഗം കേരളത്തിനും കോൺഗ്രസ്സ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്നും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടുകൂടിയായ ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അനുസ്മരിച്ചു. ഗ്ലോബൽ കമ്മിറ്റി നേതാക്കളായ അഹമ്മദ് പുളിക്കൽ, സി അബ്ദുൽ ഹമീദ്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് രമേശ് പാലക്കാട്, റീജ്യണൽ കമ്മിറ്റി നേതാക്കളായ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ കെ സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, സക്കീർ ഹുസൈൻ എന്നിവരും ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുശോചന യോഗം ജൂലൈ 20 വ്യാഴാഴ്ച രാത്രി 09:00 മണിക്ക് ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടക്കും.