സ്വന്തം ലേഖകൻ
ഡബ്ലിൻ:വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാർക്കിങ് സ്‌പേസ് ഇല്ലാത്തതിനെത്തുടർന്ന് സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ നഴ്‌സുമാർ പ്രതിസന്ധിയിൽ. പുതുതായി നിർമ്മിക്കുന്ന നാഷണൽ ചിൽഡ്രൺസ് ഹോസ്പിറ്റലിനു (എൻ.സി.എച്ച്)വേണ്ടി 300ഓളം പാർക്കിങ് സ്‌പേസ് എടുത്തു കളഞ്ഞതോടെയാണ് നഴ്‌സുമാർ പാർക്കിംഗ് സൗകര്യം ഇല്ലാതെ ആശുപത്രി ജീവനക്കാർ ബുദ്ധിമുട്ടിലായത്. പാർക്കിങ്ങിനായി മറ്റ് സ്ഥലങ്ങൾ ഉപയോഗിക്കാമെന്ന് മാനേജ്‌മെന്റ് പറഞ്ഞിട്ടുണ്ടെങ്കിലും ചില ഷിഫ്റ്റുകൾ കഴിയുമ്പോഴേയ്ക്കും ഈ സ്ഥലങ്ങൾ അടച്ചിരിക്കും. മാത്രമല്ല മറ്റ് പാർക്കിങ് സ്‌പേസുകൾ വളരെ വേഗം തന്നെ നിറയുകയും ചെയ്യുന്നു.
ഇതിനെത്തുടർന്ന് മാനേജ്‌മെന്റിനെതിരെ സമരം നടത്താൻ ദി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് ഓർഗനൈസേഷൻ (ഐ.എൻ.എം.ഒ) ആലോചിക്കുന്നുണ്ട്. ഹോസ്പിറ്റലിൽ നിന്നും അർദ്ധ രാത്രിക്കും മറ്റും ദൂരെയുള്ള പാർക്കിങ് സ്ഥലത്തേയ്ക്ക് നടന്നു പോകുന്നത് അപകടകരമാണ് എന്ന് ഓർഗനൈസേഷൻ വ്യക്തമാക്കി. ഹോസ്പിറ്റലിൽ നിന്നും ദൂരെ താമസിക്കുന്നവർക്ക് സമയത്തിന് ജോലിക്ക് എത്താൻ വാഹനം അത്യാവശ്യവുമാണ്.
സംഭവത്തെത്തുടർന്ന് ഹോസ്പിറ്റലിൽ നിന്നും നഴ്‌സുമാർ കൂട്ടത്തോടെ മറ്റിടങ്ങളിലേയക്ക് ജോലി തേടിപ്പോകുകയാണെന്ന് സെന്റ് ജെയിംസസ് ഹോസ്പിറ്റൽ വക്താവ് പറഞ്ഞു. ഇതുകാരണം ഹോസ്പിറ്റലിൽ സ്റ്റാഫിന്റെ കുറവ് അനുഭവപ്പെടുകയാണ്.