ലണ്ടന്‍: കാറിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയ യുകെ മലയാളി അന്തരിച്ചു. ഹേവാര്‍ഡ്‌സ് ഹീത്ത് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ജീവനക്കാരനായ റെജി ജോണ്‍ (53) ആണ് മരിച്ചത്. പത്തനംതിട്ട കോന്നി കിഴവള്ളൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ്. വീട്ടില്‍നിന്നു ജോലിക്ക് ഇറങ്ങിയ റെജിയെ ചൊവ്വാഴ്ച രാവിലെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയിരുന്നില്ല. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ബുധനാഴ്ച വൈകിട്ടോടെ കാറില്‍ അവശനിലയില്‍ കണ്ടെത്തിയത്.
പാരാമെഡിക്കല്‍ സംഘമെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹേവാര്‍ഡ്‌സ് ഹീത്ത് ഹോസ്പിറ്റലില്‍ നൈറ്റ് ഷിഫ്റ്റിന് വീട്ടില്‍നിന്നു പുറപ്പെട്ട റെജി ജോലി കഴിഞ്ഞു ചൊവ്വാഴ്ച രാവിലെ വീട്ടില്‍ എത്തേണ്ടതായിരുന്നു. ചില ദിവസം ആശുപത്രിയിലെ ജോലിക്കു ശേഷം ഡോമിനോസിന്റെ പീത്സ ഡെലിവറിക്കും പോകാറുണ്ടായിരുന്നു. അവശ നിലയില്‍ കണ്ടെത്തുമ്പോള്‍ ഡോമിനോസിന്റെ യൂണിഫോം ധരിച്ചിരുന്നു. ആശുപത്രിയിലെ ജോലിക്കു ശേഷം ഡെലിവറി ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാകാം ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.