അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്കു ജനപിൻതുണയിൽ സാരമായ ഇടിവു സംഭവിച്ചതായി റിപ്പോർട്ടുകൾ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നുള്ള പ്രതിസന്ധികൾ മറികടക്കാൻ ഫിന്നാഫെയിലും, ഫൈൻ ഗായേലും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കുന്നില്ലെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യം മുതലെടുത്ത് സ്വതന്ത്ര പാർട്ടികളും ഷിൻ ഫെനും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ജനപിൻതുണ വർധിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള പാർട്ടിയായി ഫിന്നാഫെയിൽ തുടരുകയാണ്. 28% ജനങ്ങളാണ് ഫിയനാഫാളിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ പോളിൽ ഇത് 30% ആയിരുന്നു. ഫൈൻഗായേലിനും 2% പിന്തുണ കുറഞ്ഞ് 23%ൽ എത്തി.
അതേസമയം 4% പിന്തുണ വർദ്ധിച്ച ഷിൻഫെൻ 18% പിന്തുണയോടെ വലിയ മുന്നേറ്റം നടത്തി. സഖ്യത്തിൽ ചേരാത്ത സ്വതന്ത്രർക്ക് 12% ആണ് പിന്തുണ 4% വർദ്ധനവ്.
ലേബർ പാർട്ടി 1% പിന്തുണ വർദ്ധിപ്പിച്ച് 7% ജനങ്ങളുടെ പ്രീതി നേടി. സഖ്യകക്ഷി അംഗങ്ങളായ സ്വതന്ത്രരുടെ പിന്തുണയിൽ മാറ്റമില്ല 4%. മറ്റ് പാർട്ടികളുടെ പിന്തുണ ഇങ്ങനെ: എഎഎ/പിബിപി 4%, ഗ്രീൻ പാർട്ടി 2%, സോഷ്യൽ ഡെമോക്രാറ്റ്‌സ് 1%, വർക്കേഴ്‌സ് പാർട്ടി 1%.
നേതാക്കന്മാരിൽ പ്രധാനമന്ത്രി എൻഡ കെന്നിക്ക് മാത്രമാണ് പിന്തുണയേറിയത്. അദ്ദേഹം നയിക്കുന്ന മൈനോറിറ്റി സർക്കാരിനും പിന്തുണയേറിയിട്ടുണ്ട്. 6% പിന്തുണ വർദ്ധിച്ച് നിലവിൽ 36% ജനങ്ങളാണ് കെന്നി സർക്കാരിനെ പിന്തുണയ്ക്കുന്നത്. സെപ്റ്റംബർ 4നും 14നും ഇടയിലാണ് പോൾ നടത്തിയത്.