അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതിനെ തുടർന്നു സർക്കാരുണ്ടാക്കാനാവാതെ വിഷമിക്കുന്ന ഫൈൻ ഗായേലിനു തിരിച്ചടിയായി പുതിയ അഴിമതി ആരോപണവും. അഞ്ചു വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിൽ കുടങ്ങി ഫൈൻ ഗായേലും സർക്കാരും ഇപ്പോൾ നേരിടുന്നത് ഏറ്റവും വലിയ അഴിമതി ആരോപണത്തെയാണ്.
സർക്കാർ ഏജൻസിയായ നാമയുടെ നോർത്തേൻ അയർലണ്ടിലെ ഒരു പ്രൊജക്റ്റ്, അമേരിക്കൻ കമ്പനിയ്ക്ക് വില താഴ്ത്തി കൊടുത്ത് വൻതുക കമ്മീഷൻ വാങ്ങാനായി അവസരം ഒരുക്കി എന്നാണ് ഫൈൻ ഗായേലിനെതിരെ ഉയർന്നിട്ടുള്ള ആദ്യ ആരോപണം.കൂടുതൽ അഴിമതി ആരോപണങ്ങൾ അടുത്ത ദിവസങ്ങളിൽ രാജിവെച്ച സർക്കാരിനെതിരെ ഉണ്ടാവുമെന്നും എൻട കെന്നിയ്ക്കും ഫൈൻ ഗായേലിനും വീണ്ടും ഒരു സർക്കാരിന് നേതൃത്വം കൊടുക്കാനാവാത്ത വിധം പ്രശ്‌നങ്ങൾ വളരുന്നുവെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
നാമയുടെ ഉടമസ്ഥതയിലേയ്ക്ക് നോർത്തേൻ അയർലണ്ടിൽ വന്നുപെട്ട 4.3 ബില്യൻ പൗണ്ട് മുഖവില വരുന്ന വസ്തു വകകൾ വെറും 1.3 ബില്യൻ പൌണ്ടിന് വിൽക്കാൻ അനുമതി നല്കിയത് സംബന്ധിച്ചാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.വില കുറച്ചാണ് വില്ക്കുന്നത് എന്ന് ഉറപ്പുണ്ടായിട്ടും അവ തടയാൻ ശ്രമിച്ചില്ലെന്നും,ഇടപാടുമായി ബന്ധപ്പെട്ട് നാമയുടെ അഡ്വൈസർമാർ 7.7 മില്യൻ യൂറോ അനധികൃതമായി വരുമാനം ഉണ്ടാക്കിയതിന് മൗനാനുവാദം നല്കിയെന്നുമാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൈക്കിൽ നൂനനും ഫിനഗേലും പാർട്ടിയുടെ ഇടപെടലിനെ ചൊല്ലിയുള്ള ആരോപണങ്ങൾ നിഷേധിച്ചെങ്കിലും തെളിവുകൾ അവർക്കെതിരാണ് എന്ന് നിരീക്ഷകർ പറയുന്നു.പുതിയ ഒരു മന്ത്രിസഭ ഫൈൻ ഗായേലിന്റെ നേതൃത്വത്തിൽ ഉണ്ടാകാനുള്ള സാധ്യതകളെ പോലും തകർക്കുന്നതാണ് പുതിയ ആരോപണം.കെന്നി മാറിയാൽ പകരം നേതാവായി വരാൻ പോലും സാധ്യതയുണ്ടായിരുന്ന മൈക്കിൽ നൂനന്റെ പ്രതീക്ഷകളും പുതിയ സംഭവ വികാസങ്ങൾ പ്രതികൂലമായി ബാധിക്കും.
ഇന്നലെ ഡയലിൽ നടന്ന സുദീർഘമായ ചർച്ചകൾക്ക് ഒടുവിൽ ഒരു രാഷ്ട്രീയ നേതാവിനും പിന്തുണ നേടാനാവാതെ വന്നതിനെ തുടർന്നാണ് കെന്നി രാജി വെച്ചത്.രാഷ്ട്രപതി ഭവനിൽ എത്തി രാജി സമർപ്പിച്ച കെന്നിയോടു താത്കാലികമായി അധികാരത്തിൽ തുടരാനും 22 നു പുതിയ നേതൃ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ചുമതലകൾ വഹിക്കാനും രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട്.