അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: പ്രധാനമന്ത്രി സ്ഥാനത്തു നിന്നു രാജിവയ്ക്കണമെന്ന രീതിയിൽ വരുന്ന നിർദേശങ്ങളെല്ലാം തള്ളിക്കളഞ്ഞ പ്രധാനമന്ത്രി എൻഡാ കെനി പ്രതഷേധക്കാരുമായി പോരാടാൻ തയ്യാറെടുക്കുന്നു. അവിശ്വാസ പ്രമേയത്തിനു മുന്നോടിയായി പാർട്ടി ടിഡിമാരും സെനറ്റർമാരുമായി ലെയിൻസ്റ്റർ ഹൗസിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഡാ കെനി ടിഡിമാരെ ഒപ്പം കൂട്ടാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
പാർലമെന്ററി പാർട്ടിയിലെ ചില ഫൈൻ ഗായേൽ അംഗങ്ങളുടെ ഭാഗത്തു നിന്നും കെനിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങൾ തുടങ്ങിയതോടെയാണ് ഇപ്പോൾ എൻഡാ കെനി പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാനുള്ള രഹസ്യ നീക്കങ്ങൾ അണിയറയിൽ ഒരുക്കുന്നത്. ഇതിനിടെ തന്റെ അടുത്ത അഞ്ചു മാസത്തേയ്ക്കുള്ള പരിപാടികളുടെ പട്ടിക കഴിഞ്ഞ ദിവസം എൻഡാ കെനി പുറത്തു വിട്ടു. യൂറോപ്യൻ നേതാക്കളുമായി ഏതാനും മാസങ്ങൾ നീണ്ടു നിൽക്കുന്ന ചർച്ചകളും, അടുത്ത ഒക്ടോബറിൽ നടത്തുന്ന ബജറ്റിന്റെ ചർച്ചകളുമാണ് കഴിഞ്ഞ ദിവസം മുതൽ കെനി ആരംഭിച്ചത്. കെനി പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കും എന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെയാണ് ഇപ്പോഴത്തെ കെനിയുടെ നീക്കങ്ങളെല്ലാം.
എന്നാൽ, രാജി വയ്ക്കും മുൻപു തന്നെ പാർട്ടിയിൽ ശക്തമായ സ്ഥാനം ഉറപ്പാക്കാനുള്ള സമ്മർദനത്തിന്റെ ഭാഗമായാണ് ഇപ്പോൾ കെനി നടത്തുന്ന നീക്കങ്ങളെല്ലാമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പാർട്ടിയുടെ പിൻതുണ നഷ്ടമായ കെനിക്കു ഇനി രാജിവയ്ക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും മുന്നിലില്ല. ഈ സാഹചര്യത്തിൽ പാർട്ടിയി്ൽ സമ്മർദം ചെലുത്തി പുതിയ പദവി നേടിയെടുക്കുകയാണ് ഇപ്പോൾ കെനി ലക്ഷ്യമിടുന്നതെന്നാണ് സൂചന.