അ്ഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: തിരഞ്ഞെടുപ്പു ഫലത്തിലെ അനിശ്ചിതത്വം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പിലും തുടരുന്നു. തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു മത്സരിച്ച ഒരാൾക്കും സമ്പൂർണ പിൻതുണ ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ വീണ്ടും സഭ ചേർന്ന് വോട്ടെടുപ്പു നടത്തേണ്ടി വരും.അതുവരെ നിലവിലെ പ്രധാനമന്ത്രി എൻഡാകെനി കാവൽ പ്രധാനമന്ത്രിയായി തുടരുകയും ചെയ്യും.
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു നാലു പാർട്ടിയിൽ നിന്നുള്ള നാലു നേതാകകളാണ് പിൻതുണ തേടി മത്സരിക്കാനെത്തിയത്. പ്രധാനമന്ത്രിയും ഫൈൻ ഗായേൽ നേതാവുമായ എൻഡാ കെനി, ഫിന്നാ ഫെയിൽ നേതാവ് മൈക്കിൽ മാർട്ടിൻ,ഷിൻ ഫെയിൻ നേതാവ് ജെറി ആഡംസ്,പീപ്പിൾ ബിഫോർ പ്രോഫിറ്റ് സ്ഥാനാർഥി റിച്ചാർഡ് ബോയിഡ് ബാരറ് എന്നിവരാണ് കെന്നിയ്ക്ക് പുറമേ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ആദ്യമായി വോട്ടെടുപ്പ് നടത്തിയത് എന്ട കെന്നിയ്ക്ക് വേണ്ടിയാണ്.57 വോട്ട് അനുകൂലിച്ചും 94 വോട്ട് എതിരായുമാണ് കെന്നിയ്ക്ക് ലഭിച്ചത്.50 അംഗ സ്വന്തം പാർട്ടിയും 7 അംഗ ലേബർ ഗ്രൂപ്പും എന്ട കെന്നിയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു. പിന്നിട് വോട്ടെടുപ്പ് നടന്നത് മൈക്കിൽ മാർട്ടിന്റെ സ്ഥാനാർഥിത്തിനു വേണ്ടിയാണ്.43 വോട്ടുകൾ അനുകൂലമായപ്പോൾ 108 വോട്ടുകൾ മാർട്ടിന് എതിരായി. അടുത്ത ഊഴം ജെറി ആഡംസിന്റെയായിരുന്നു.23 അംഗ ഷിൻ ഫെയിൻ പാർട്ടിയുടെ നേതാവിന് 24 വോട്ട് ലഭിച്ചു.മറ്റേതോ പാർട്ടിയിലെ ഒരംഗം ഷിൻ ഫെയിനു വേണ്ടി വോട്ടു ചെയ്തിട്ടുണ്ട്. നാലാമത്തെയും അവസാനത്തെയും സ്ഥാനർഥിയായി രംഗത്തെത്തിയ ബോയിഡ് ബാരറ്റിന് വെറും 9 വോട്ടുകൾ ലഭിച്ചപ്പോൾ 111 വോട്ടുകൾ എതിരായി.
ഇതേ തുടർന്ന് തനിക്കു പ്രധാനമന്ത്രിയാവാൻ പിന്തുണ ലഭിക്കാത്തതിനാലും,മറ്റാർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലും രാജി സന്നദ്ധത അറിയിച്ച് കൊണ്ട് രാഷ്ട്രപതിയെ കാണാൻ പോവുകയാണെന്ന് എന്ട കെന്നി സഭയോട് വ്യക്തമാക്കി.പുതിയ സർക്കാർ രൂപം കൊള്ളും വരെ കാവൽ മന്ത്രിസഭയായി തുടരാൻ നിലവിലുള്ള സർക്കാരിന് രാഷ്ട്രപതി അനുമതി നല്കുകയാണ് പതിവ്.
സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ച് പതിവ് യൂ എസ്സ് സന്ദർശനം അടുത്ത ദിവസം ആരംഭിക്കും.കാവൽ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും പ്രമുഖ രാജ്യങ്ങളിൽ സന്ദർശനം നടത്തും.തുടർന്ന് അടുത്ത ബജറ്റിനു മുന്നോടിയായുള്ള സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റും കാവൽ സർക്കാർ തന്നെ തയാറാക്കും. ഇപ്പോഴത്തെ വിവരമനുസരിച്ച് കൂടുതൽ ധാരണകൾ രൂപപ്പെടുത്തി മാർച്ച് 22 നു വീണ്ടും സഭ വീണ്ടും നേതാവിനെ തിരഞ്ഞെടുക്കാനായി കൂടിയേക്കും.