ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും കൊറോണ വാക്‌സിൻ സ്വീകരിച്ചു.കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ച വിവരം ബക്കിംഗ്ഹാം കൊട്ടാരത്തിലെ പ്രതിനിധികളാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.രാജ്ഞിക്ക് 94ഉം രാജകുമാരന് 99 മാണ് പ്രായം. ലോക്ഡൗൺ സാഹചര്യത്തിൽ ഇരുവരും വിൻഡ്‌സർ കൊട്ടാരത്തിലാണ്. വാക്‌സിൻ സ്വീകരിച്ച വിവരം അറിയിക്കാൻ രാജ്ഞി തീരുമാനിക്കുകയായിരുന്നുവെന്ന് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ലോകത്തിൽ കൊറോണ വൈറസിനെതിരെ വാക്‌സിനേഷൻ തുടങ്ങിയ ആദ്യ രാജ്യമാണ് ബ്രിട്ടൺ. ഫെബ്രുവരി പകുതിയോടെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട 15 മില്ല്യൺ പേർക്ക് വാക്‌സിൻ എത്തിക്കാനാണ് ബ്രിട്ടന്റെ നീക്കം. ഇതിൽ 70 വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ബ്രിട്ടണിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ജാഗ്രതയാണ് ബ്രിട്ടണിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു.