കൊറോണ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവ ഡോക്ടര്‍ മരിച്ചു.

ലണ്ടൻ :ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊറോണവൈറസ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ യുവ ഡോക്ടര്‍ മരിച്ചു. ഡോ.ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്.ബ്രസീലിയന്‍ ആരോഗ്യ വിഭാഗമായ അന്‍വിസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് തരം വാക്‌സിനാണ് നിലവില്‍ പരീക്ഷണത്തിന് തയ്യറായ വ്യക്തികള്‍ക്ക് നല്‍കുന്നത്. ഒരു വിഭാഗത്തിന് കുത്തിവയ്ക്കുന്നത് കോവിഡ് വാക്‌സിനും രണ്ടാം വിഭാഗത്തിന് കുത്തിവയ്ക്കുന്നത് മെനിഞ്‌ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനുമാണ്.

മരിച്ച യുവ ഡോക്ടര്‍ക്ക് കോവിഡ് വാക്‌സിനല്ല കുത്തിവച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഏത് വാക്‌സിന്‍ ആര്‍ക്കാണ് കുത്തിവയ്ക്കുന്നതെന്ന് അധികൃതര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. വാക്‌സിന്‍ എത്രമാത്രം ഫലപ്രദമെന്ന് അറിയാനാണ് ഈ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം വാക്‌സിന്‍ പരീക്ഷണവുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ നിലവിലെ തീരുമാനം.

Top