ടീച്ചറമ്മ’ലോകത്തിന്റെ നിറുകയിൽ !ഞാനും നീയും എന്നതിൽ നിന്ന് ‘നമ്മൾ ‘എന്ന വികാരത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം.കേരളാ മോഡലും ആരോഗ്യമന്ത്രിയും വീണ്ടും വാർത്തകളിൽ

ഹേമ ശിവപ്രസാദ്

കേരളാ മോഡലും ആരോഗ്യമന്ത്രിയും വീണ്ടും വാർത്തകളിൽ. ലോക പ്രശസ്ത മാധ്യമത്തിലെ ലേഖനം വൈറലാകുന്നു.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ കേരളം നിപയെന്ന ഭീകരനെ ചെറുത്തു തോൽപ്പിച്ച കഥ പറഞ്ഞു തന്നത് ‘വൈറസ് ‘ എന്ന സിനിമയിലൂടെ ആഷിക് അബുവാണ്. ഇപ്പോൾ കൊറോണയെന്ന മഹാമാരിക്കെതിരെയുള്ള നമ്മുടെ പടയൊരുക്കത്തെക്കുറിച്ച് പ്രിയപ്പെട്ട ആരോഗ്യ മന്ത്രി തന്നെ നേരിട്ട് സംസാരിക്കുന്നു. ലോകപ്രശസ്ത ഫാഷൻ, ലൈഫ് സ്റ്റൈൽ മാഗസീനായ വോഗിലാണ് ശൈലജ ടീച്ചർ കൊറോണയെ നേരിടാനുള്ള മുന്നൊരുക്കങ്ങളും, തന്റെ പ്രവർത്തന ശൈലികളും, കാഴ്ചപ്പാടും ഒക്കെ വിവരിക്കുന്നത്.

” ചൈനയിലെ വൈറസ് ബാധയെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ആദ്യമേ ശ്രദ്ധിച്ചിരുന്നു. വുഹാൻ സർവ്വകലാശാലയിൽ ഒട്ടേറെ മലയാളി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്ന് അറിയാം. അവർ മടങ്ങിവരുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാൽ ആദ്യമേ തന്നെ വേണ്ട മുൻകരുതലുകൾ എടുക്കാൻ തീരുമാനിച്ചു. ”

”ആദ്യം ചെയ്തത് ദ്രുത കർമ്മ സേനയെ തയ്യാറാക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ജനുവരി 24 ന് കൺട്രോൾ റൂം തുറന്നു. മടങ്ങി വരുന്ന വിദ്യാർത്ഥികളെ ഐസൊലേഷനിലേക്കും ഹോം ക്വാറന്റയിനിലേക്കും മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുത്തു. N95 മാസ്ക്, പേഴ്സണൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി.”

”ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക്.”
‘കോവിഡ് മഹാമാരിയിൽ നിന്നും കേരളത്തെ തിരിച്ചുപിടിക്കുന്ന ആരോഗ്യമന്ത്രി.’ എന്ന തലക്കെട്ടോടെയുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത് മഞ്ജു സാറ രാജനാണ്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷമുള്ള ആരോഗ്യ വകുപ്പിന്റെ നടപടികൾ ടീച്ചർ ഇങ്ങനെ വിവരിക്കുന്നു. ” മെയ് 4 വരെ 4462 പേർ രോഗവിമുക്തി നേടി. മരണം മൂന്നിൽ പിടിച്ചു നിർത്താൻ കഴിഞ്ഞു. 88 ഉം 93 ഉം വയസ് പ്രായമുള്ള രോഗികൾ വരെ രോഗവിമുക്തി നേടി. ഇവരുടെ റിസൾട്ട് പോസിറ്റീവ് ആയ ശേഷം ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അത്രയും ഗുരുതരമായിരുന്നു ആ സമയത്ത് അവരുടെ ആരോഗ്യനില. അവർക്കായി ഏറ്റവും മികച്ച മെഡിക്കൽ സംഘത്തെ തന്നെ നിയോഗിച്ചു, ഒടുവിൽ ദിവസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു.”

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ മാഗസിന്‍ അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് സീരിസിലാണ് കെ കെ ശൈലജ ടീച്ചർ ഇടം നേടിയിരിക്കുന്നത്. ഇതിനോടകം ലേഖനം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

തലസ്ഥാന നഗരിയിലെ സെക്രട്ടറിയേറ്റിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്തെ ഏറ്റവും തിരക്ക് പിടിച്ച ഉച്ച സമയത്താണ് തങ്ങൾ അഭിമുഖത്തിനായി ചെന്നതെന്ന ആമുഖത്തോടെയാണ് ലേഖനം ആരംഭിക്കുന്നത്. കൊറോണാ പ്രതിസന്ധിയെ വിജയകരമായി നേരിട്ട കേരളാ മോഡൽ ആരോഗ്യ നയത്തെ ലേഖനത്തിൽ പ്രകീർത്തിക്കുന്നു. കേരളാ മോഡൽ സമാനതകളില്ലാത്തതാണെന്നും രോഗനിർണ്ണയം, പകർച്ചവ്യാധി നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആ മാതൃക പിന്തുടരുമെന്നുമുള്ള ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR)തലവൻ ഡോ രാമൻ ഗംഗാഖേദ്കറിന്റെ വാക്കുകളും ലേഖനം ഉദ്ധരിക്കുന്നു.

റവന്യൂ സ്രോതസുകൾ കുറവായ കേരളം ഇത്തരമൊരു ഭീകരമായ സ്ഥിതിവിശേഷം ഫലപ്രദമായി കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മന്ത്രി തന്നെ പറയുന്നത് കേൾക്കുക. ” ചിക്കൻ ഗുനിയ,H1N1 , നിപ… അങ്ങനെ ഒരുപാട് പകർച്ചവ്യാധികൾ കൈകാര്യം ചെയ്ത ദീർഘനാളത്തെ പരിചയം കേരളത്തിനുണ്ട്. നിരന്തരമായ പരിശീലനവും ഈ പകർച്ചവ്യാധികൾ കൈകാര്യം ചെയ്തുള്ള പരിചയവും ആണ് കൊറോണയെ നേരിടാൻ സഹായകമായത്. ലോകത്തിൽത്തന്നെ വിരളമായി കണ്ടിട്ടുള്ള നിപ ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴും നമ്മൾ പകച്ചു നിന്നില്ല. ചിട്ടയായ ഈ സമീപനം തന്നെയാണ് അന്നും സഹായകമായത്. വൈറസ് പൊട്ടിപ്പുറപ്പെട്ട ജില്ലയിൽത്തന്നെ നിയന്ത്രിച്ചു നിർത്താനും മരണ നിരക്ക് കുറയ്ക്കാനും സാധിച്ചു. ചിട്ടയായ സമീപനം, ആശയവിനിമയം, പൊതുജന സമ്പർക്കം, ടീം വർക്ക് ഇതാണ് വിജയരഹസ്യം.”

അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ കെ കെ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് മാതൃകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയും സംഘവും 2018ൽ നിപാ വൈറസിനെ നേരിട്ടതും ലേഖനത്തിൽ എടുത്തുപറയുന്നു.

“പണ്ടുമുതലേ കേരളം ആരോഗ്യ മേഖലയിൽ മുൻപന്തിയിലായിരുന്നു. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവയിൽ നമ്മൾ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.” താൻ ആരോഗ്യമന്ത്രി ആയപ്പോൾ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകി. ”മൂന്ന് പ്രധാന വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ഒന്ന് സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കുക, രണ്ട് ഹൈടെക് വൽക്കരിക്കുക, മൂന്ന് ചെലവ് കുറക്കുക.”

“നാടിന്റെ നട്ടെല്ലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ; പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ. അവിടങ്ങളിൽ ടെസ്റ്റിംഗ് ലാബുകൾ സജ്ജമാക്കി. വിവിധ രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ ഇത് സഹായിച്ചു. മെഡിക്കൽ കോളേജ് ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു മികവിന്റെ കേന്ദ്രങ്ങളാക്കി. ആശുപത്രികളിൽ പുതിയ ഉപകരണങ്ങൾ സ്ഥാപിക്കപ്പെട്ടു. നിപയ്ക്ക് ശേഷം മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിരന്തര പരിശീലനങ്ങൾ നൽകി. പകർച്ചവ്യാധികൾ നേരിടാനായി മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണ സംവിധാനത്തെ ഒറ്റ ടീമെന്ന രീതിയിൽ വാർത്തെടുത്തു. ‘ നമ്മൾ ‘ എന്ന വികാരം സൃഷ്ടിക്കാൻ ശ്രമിച്ചു. ”

”14 ജില്ലകളിലെയും മുൻനിര ആരോഗ്യ പ്രവർത്തകരുമായി ദിവസവും വീഡിയോ കോൺഫറൻസ് നടത്തി. മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ, ആശാ വർക്കർമാർ അങ്ങനെ ഓരോ ദിവസവും ഓരോ വിഭാഗക്കാർക്കായി വീഡിയോ കോൺഫറൻസ് സമർപ്പിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ എല്ലാ വിഭാഗം ആൾക്കാരുമായും സംവദിക്കാൻ കഴിഞ്ഞു. അവരുടെ പ്രശ്നങ്ങൾ പഠിച്ചു. മന്ത്രിയാവട്ടെ, ഹെൽത്ത് സെക്രട്ടറി ആവട്ടെ, ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കി കഴിഞ്ഞാൽ ആരോഗ്യ രംഗത്ത് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും.” ഇത്തരത്തിലുള്ള മന്ത്രിയുടെ വ്യക്തിപരായ ഇടപെടൽ പ്രതിസന്ധികൾ തരണം ചെയ്യാൻ കേരളത്തെ സഹായിച്ചതായി ലേഖനം ചൂണ്ടിക്കാട്ടുന്നു.

ചൈനയിൽനിന്ന് മടങ്ങിയെത്തിയ കൊറോണാ ബാധിതയായ തന്നെ മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് വിവരം അന്വേഷിച്ച കാര്യം വിദ്യാർത്ഥിനി മാധ്യമങ്ങളോട് വികാരഭരിതയായി അവതരിപ്പിച്ച കാര്യം ലേഖിക എടുത്തു പറയുന്നു.

മന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ശൈലജ ടീച്ചർ മറക്കുന്നില്ല. “മനോവീര്യം പ്രധാനമാണ്. ആശ്വസിക്കാൻ സമയമായിട്ടില്ല. അപകടം ഒഴിഞ്ഞിട്ടില്ല. കാര്യങ്ങൾ മാറിമറിയാം. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സമയമെടുക്കുമെന്ന കാര്യം ജനങ്ങൾ അംഗീകരിച്ചേ മതിയാകൂ. ഈ രോഗം മറ്റുള്ളവയെപ്പോലെയല്ല. ചിലരുടെ രോഗനിർണ്ണയ ഫലങ്ങൾ പോസിറ്റീവ് ആയി ദിവസങ്ങൾക്കുള്ളിൽ നെഗറ്റീവ് ആകും. എന്നാൽ മറ്റു പലക്കും നാലും അഞ്ചും ടെസ്റ്റുകൾക്ക് ശേഷം മാസങ്ങൾ എടുത്താകും നെഗറ്റീവ് ആകുന്നത്.  അതായത് അത്രയും നാൾ രോഗാണു ശരീരത്തിൽ നിലനിൽക്കുന്നു . പകരാൻ സാധ്യതയുണ്ട് എന്നർത്ഥം. ഇപ്പോൾ രോഗം നിയന്ത്രണ വിധേയമാണ്. എന്നാൽ അമിത ആത്മവിശ്വാസം വേണ്ട. രോഗത്തിന് ഒരു തിരിച്ചുവരവ് ഉണ്ടായാൽ അത് ഗുരുതരമായേക്കാം.”

തങ്ങളുടെ ഇന്റർവ്യൂ തീരുമ്പോഴും മന്ത്രിയുടെ പണികൾ ഒമ്പതും പത്തും മണിക്കൂറുകൾ ബാക്കി നിൽക്കുന്നുവെന്ന് ലേഖിക എഴുതുന്നു. കൂടിക്കാഴ്ചകൾ, ചർച്ചകൾ, പ്രസ് മീറ്റ് എന്നിവയൊക്കെ നടത്തേണ്ടതുണ്ട്. അർദ്ധരാത്രി കിടക്കാറാകുമ്പോൾ മന്ത്രിയെ വിളിച്ച് ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കുന്ന ഭർത്താവിന്റെയും മക്കളുടെയും വിശേഷങ്ങൾ പറഞ്ഞ്, അവസാന ഭാഗത്ത് കുറച്ച് Personal Touch കൊണ്ടുവരാനും ലേഖനം ശ്രമിക്കുന്നു.

കൊറോണാ ബാധയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ടീച്ചർക്ക് ശേഷം നേരിട്ട് പങ്കാളിയാകുന്ന ഒരാൾ കൂടി കുടുംബത്തിലുണ്ട്. ദുബായിൽ ഇലക്ടിക്കൽ എഞ്ചിനീയറായ മൂത്ത മകൻ. ദുബായിൽ കൊറോണാ ബാധിതർക്കായി സജ്ജീകരിച്ചിരിക്കുന്ന ആശുപത്രിയുടെ കൺസ്ട്രക്ഷൻ പ്രോജക്ടിലാണ് മകൻ ഇപ്പോൾ.
ആരോഗ്യം സൂക്ഷിക്കണമെന്ന് താൻ മുന്നറിയിപ്പ് നൽകുമ്പോൾ, തിരിച്ച് തന്നോടും മകൻ ഈ മുന്നറിയിപ്പ് തന്നെ നൽകുന്നു. നമ്മൾ പരസ്പരം മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു എന്ന മന്ത്രിയുടെ വാക്കുകളോടെയാണ് ലേഖനം അവസാനിക്കുന്നത്. ഞാനും നീയും എന്നതിൽ നിന്ന് ‘നമ്മൾ ‘ എന്ന വികാരത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം സമഗ്രമായി പ്രതിഫലിക്കുന്ന വരികൾ. ആ അവസാന വരിയിൽ എല്ലാമുണ്ട്.

Top