ഇന്ത്യയിൽ പോസിറ്റീവ് കേസുകൾ 2,215,074 ആയി,ആകെ മരണം 44,386.മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും കൊവിഡ്, സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശം

ന്യുഡൽഹി:രാജ്യത്ത് 22 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. തുടർച്ചയായ നാലാം ദിവസവും 60,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,215,074 ആയി. ആകെ മരണം 44,386. ഇരുപത്തിനാല് മണിക്കൂറിനിടെ 62,064 പോസിറ്റീവ് കേസുകളും 1007 മരണവും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിനം പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം തുടരുകയാണ്. ആന്ധ്രയിൽ ആകെ മരണങ്ങൾ 2000 കടന്നു. കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, അസം സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി.
അതേസമയം, രാജ്യത്തെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,859 പേർ രോഗമുക്തരായി. ഇന്നലെ 477,023 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെന്ന് പ്രണബ് മുഖര്‍ജി തന്നെയാണ് അറിയിച്ചത്.ആശുപത്രിയില്‍ മറ്റൊരു കാര്യത്തിന് എത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച മുതല്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രോഗലക്ഷണമുള്ളവര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Top