കനത്ത മഴയും കാറ്റും: നദിയുടെ നിരപ്പ് ഉയരാന്‍ സാധ്യത; രാജ്യത്ത് മുന്നറിയിപ്പു സന്ദേശം നല്‍കി

ഡബ്ലിന്‍: കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്നു രാജ്യത്തെ നദികളുടെ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നു കാലാവസഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഷാനോന്‍ നദിയിലെ ജല നിരപ്പ് ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ആഴ്ച തന്നെ ഷാനോണ്‍ നദിയുടെ തീരങ്ങളിലെ വിവിധ ഏജന്‍സികളുടെ മുന്നറിയിപ്പു യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ വിവിധ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഷാനോണ്‍ നദിയുടെ തീരങ്ങളിലെ ചില സ്ഥലങ്ങളിലെങ്കിലും ഇത്തരത്തില്‍ വെള്ളം കയറിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകള്‍ അടക്കമുള്ളവരുടെ യോഗം ചേര്‍ന്നിരിക്കുന്നത്.
കനത്ത മഴയും കാറ്റും ശക്തമായെത്തിയതോടെ മെറ്റ് എറൈന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് രാജ്യത്ത്. കാറ്റും മഴയും ശക്തമായി എത്തിയതോടെ രാജ്യത്തെ നിരത്തുകളും പല പ്രദേശങ്ങളും മാലിന്യക്കൂമ്പാരങ്ങളായി മാറിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മാലിന്യക്കൂമ്പാരങ്ങളായി മാറിയ റോഡുകളും മറ്റും ശുചീകരിക്കുന്നതിനുള്ള ജോലികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. സ്‌റ്റോം ഫ്രാങ്ക് കാറ്റടിച്ചതിന്റെ പശ്ചാത്തലത്തിലുള്ള ശുചീകരണ ജോലികളാണ് ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്.
കനത്ത കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ വൈദ്യുതി വിതരണം മുടങ്ങിയതോടെ വീടുകളും വ്യവസായ സ്ഥാപനങ്ങളും ബിസിനസുകളും മുടങ്ങിക്കിടക്കുകയാണ്. വിവിധ സ്ഥലങ്ങളിലെ 4600 ഓളം കേന്ദ്രങ്ങളില്‍ ഇപ്പോഴും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വിക്ലോ, ന്യൂ റോസ്, ആല്‍ത്തോണ്‍ എന്നിവിടങ്ങളിലാണ് ഇപ്പോഴും വൈദ്യുതി മുടങ്ങിയിരിക്കുന്നത്.

Top