സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിലെ കത്തോലിക്കാ സഭയിലെ സന്യാസകേന്ദ്രങ്ങൾ നടത്തി വന്ന ബാല മന്ദിരങ്ങളിൽ ലൈംഗീകമായുൾപ്പെടെ പീഡിപ്പിക്കപ്പെട്ട കുട്ടികൾക്ക് ധാരണപ്രകാരം നല്കാമെന്നേറ്റ നഷ്ടപരിഹാരം ഇതേ വരെ പൂർണ്ണമായും നൽകുന്നതിൽ സഭ അമാന്തം കാട്ടുന്നുവെന്ന് കണ്ടെത്തൽ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ സഭയുടെ കീഴിൽ അയർലണ്ടിൽ ഉടനീളം നടത്തി വന്നിരുന്ന നൂറുകണക്കിന് റെസിഡൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളിലും സന്യാസഭവനങ്ങളോട് അനുബന്ധമായ താമസസ്ഥലങ്ങളിലുമാണ് ലൈംഗീകപീഡനവും, ശാരീരിക ആക്രമണങ്ങളും നടന്നതായ വെളിപ്പെടുത്തലുകൾ ഉണ്ടായത്.ഇത്തരത്തിൽ രാജ്യത്തിനകത്തും പുറത്തുമായി 15,000ലേറെ പേരുണ്ടെന്നാണ് കണക്ക്.പരാതികളെ തുടർന്ന് ഇവർക്ക് നഷ്ടപരിഹാരം നൽകുവാൻ പ്രശ്‌നം പരിഗണിച്ച കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.ആകെ 1.5 ബില്യൺ യൂറോയുടെ നഷ്ടപരിഹാരത്തിനായാണ് വിധി ഉണ്ടായത്.
ഇതിൽ പകുതി,കുട്ടികളെ പീഡിപ്പിച്ച സന്യാസ ഭവനങ്ങൾ സർക്കാരിന് നൽകണമെന്നായിരുന്നു ധാരണ.725 മില്ല്യൺ യൂറോയാണ് ഇത്തരത്തിൽ 18 സന്യാസ വിഭാഗങ്ങൾ സർക്കാരിലേക്ക് നൽകേണ്ടത്.വിധിയെ തുടർന്ന് ആദ്യ കാലഘട്ടത്തിൽ സ്വത്തുക്കളും,മഠങ്ങളും,സ്ഥാപനങ്ങളും വിറ്റു ഭാഗികമായി പണം അടച്ചെങ്കിലും ഇപ്പോൾ 480 മില്ല്യൺ യൂറോ വരെയേ തങ്ങൾക്ക് നൽകാൻ കഴിയൂ എന്നാണ് മതസംഘടനകളുടെ നിലപാട്.നിസാര വിലയ്ക്കാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഒട്ടേറെ സ്ഥാപനങ്ങൾ മുമ്പ് നഷ്ടപരിഹാരം നൽകാനായി വിറ്റത്.ലിസ്റ്റിൽ ഉൾപ്പെട്ട ചില സന്യാസ സ്ഥാപനങ്ങൾ അവരുടെ 75 ശതമാനം വസ്തുവകകൾ വരെ നഷ്ടപരിഹാരം നൽകുന്നതിനായി വിറ്റഴിച്ചുവെന്നാണ് കണക്കുകൾ.ഇവരുടെ കൈവശം ഇനി നഷ്ടപരിഹാര ഫണ്ടിലേക്ക് നൽകാനുള്ള സ്വത്തൊന്നും ഇല്ലെന്ന് ചുരുക്കം.
ലത്തീൻ സഭയോടുള്ള ജനങ്ങളുടെ അനൈക്യത്തിനും വിശ്വാസ തകർച്ചയ്ക്കും വരെ വഴി തെളിച്ചത് ഇത്തരം ബാലപീഡനങ്ങളും ചൂഷണങ്ങളുമാണ്.അത് വഴി പള്ളിയ്‌ക്കെതിരെ നില കൊള്ളുന്നവരുടെ എണ്ണവും വർദ്ധിച്ചു.
പള്ളി വക സ്ഥാപനങ്ങളിൽ ചൂഷണത്തിന് വിധേയരായവർക്കു സർക്കാർ നൽകി കൊണ്ടിരിക്കുന്ന സഹായധനം ഓരോ വർഷവും വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ. 2015ൽ ഇവർക്ക് 31 മില്ല്യൺ യൂറോയാണ് നൽകിയിട്ടുള്ളത്.