സ്വന്തം ലേഖകൻ
ഡബ്ലിൻ: തൊഴിലാളികളുടെ ശമ്പള വർദ്ധനവ് മാനേജ്‌മെന്റ് അംഗീകരിക്കാത്ത സാഹചര്യത്തിൽ പ്രമുഖ വ്യാപാര സ്ഥാപനമായ ടെസ്‌കോയിൽ സമരത്തിന് സാധ്യത. തൊഴിലാളികളെ പ്രതിനിധീകരിച്ചുകൊണ്ട് മാൻഡേറ്റ്, സിപ്റ്റു ട്രേഡ് യൂണിയനുകളുടെ ശമ്പള വർദ്ധനവ് എന്ന നിർദ്ദേശം അധികൃതർ തള്ളിയതോടെയാണ് സമരത്തിന് കളമൊരുങ്ങുന്നത്. സമരം വേണോ എന്ന കാര്യത്തിൽ തൊഴിലാളികളുടെ ഇടയിൽ വോട്ടെടുപ്പ് നടത്തിയ ശേഷമാകും അന്തിമ തീരുമാനം.
ഫെബ്രുവരി 2ന് പുറപ്പെടുവിച്ച ഒരു കോടതി ഉത്തരവിൽ എല്ലാ കമ്പനി തൊഴിലാളികൾക്കും 2% ശമ്പള വർദ്ധനവും ബോണസും നൽകണം എന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ 1,000ലേറെ ടെസ്‌കോ തൊഴിലാളികൾ, തങ്ങൾക്ക് ശമ്പള വർദ്ധന ഉണ്ടായില്ലെന്ന് പരാതിപ്പെട്ടതായാണ് ട്രേഡ് യൂണിയനുകൾ പറയുന്നത്. അയർലണ്ടിൽ ടെസ്‌കോയുടെ 149 കടകളിലായി 14,500ഓളം പേരാണ് ജോലി ചെയ്യുന്നത്.
മാനേജ്‌മെന്റിന്റെ തീരുമാനം തൊഴിലാളികൾക്കെതിരായ അക്രമമാണെന്നാണ് മാൻഡേറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറി ജോൺ ഡഗ്ലസ് അഭിപ്രായപ്പെട്ടത്. നിർദ്ദേശം കമ്പനി അംഗീകരിച്ചിരുന്നെങ്കിൽ സമരം ഒഴിവാക്കാവുന്നതായിരുന്നുവെന്ന് സിപ്റ്റു നേതാവ് ഡെറക് കാസർലിയും പ്രതികരിച്ചു. സിപ്റ്റു വെള്ളിയാഴ്ച മുതലും, മാൻഡേറ്റ് മാർച്ച് 5 മുതലും സമരത്തെക്കുറിച്ച് തൊഴിലാളികൾക്കുള്ള അഭിപ്രായം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്