ശമ്പളവർധനവ് അംഗീകരിക്കില്ലെന്ന നിലപാടുമായി സർക്കാർ: ജോലിക്കു ജീവനക്കാരെ കിട്ടുന്നില്ല

സ്വന്തം ലേഖകൻ

ഡബ്ലിൻ: മികച്ച ഉദ്യോഗസ്ഥരെ പൊതു മേഖലയിൽ നിയമിക്കുന്നതിൽ നിന്നും രാജ്യത്തെ പിന്നോട്ടു വലിക്കാൻ നിലവിലുള്ള ശമ്പളഘടനയ്ക്ക് കഴിയില്ലെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എക്‌സപെൻഡിച്ചർ ആൽഡ് റിഫോം സെക്രട്ടറി ജനറൽ റോബർട്ട് വാറ്റ്.എങ്കിലും പൊതു മേഖലയുടെ ശമ്പളഘടനയിൽ ലാൻഡ്‌സ്ഡൗൺ റോഡ് എഗ്രിമെന്റ് പിന്തുടരാനാണ് സർക്കാരിന് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പളം കുറവായതു കാരണം കൂടുതലായി നഴ്‌സുമാർ,അധ്യാപകർ,ഗാർഡ ഉദ്യോഗസ്ഥർ, എന്നിവരെ റിക്രൂട്ട് ചെയ്യാൻ സാധിക്കുന്നില്ല എന്ന് വർക്ക് പ്ലേസ് റിലേഷൻസ് കമ്മിഷൻ ചീഫ് എക്‌സിക്യുട്ടീവ് കെയ്‌റൻ മുൾവേ പറഞ്ഞതിനു പിന്നാലെയാണ് റോബർട്ട് വാറ്റിന്റെ പ്രതികരണം.നിലവിലുള്ള ശമ്പളവ്യവസ്ഥ തൃപ്തികരമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ലാൻഡ്‌സ്ഡൗൺ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ സിവിൽ സർവ്വീസുകാരുടെ ശമ്പളം 9 ശതമാനവും, ഗാർഡ ഉദ്യോഗസ്ഥാരുടേത് 8.5 ശതമാനവും, നഴ്‌സുമാരുടേത് 7.5 ശതമാനവും, ടീച്ചർമാരുടേത് 7 ശതമാനവും വർദ്ധിപ്പിച്ചതായി കാണാമെന്നും വാറ്റ് കൂട്ടിച്ചേർത്തു. ഇനിയും ശമ്പളം ഉയർത്തുന്ന പക്ഷം ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിലുള്ള നിക്ഷേപം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2012ൽ പരിഷ്‌കരിച്ച ശമ്പളഘടന മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടീച്ചർമാരുടെയും, നഴ്‌സുമാരുടെയും, ഗാർഡ ഉദ്യോഗസ്ഥരുടെയും ശമ്പളം വർദ്ധിപ്പിക്കണം എന്ന യൂണിയനുകളുടെ ആവശ്യം ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top