ഡബ്ളിന്‍: അയര്‍ലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഓണാഘോഷം പ്രൌഢഗംഭീരമായി.
ഭാരതീയ സംസ്കാരങ്ങളിലും, മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിയ്ക്കുന്ന ഈ കൂട്ടായ്മ കേരളത്തിന്റെ തനതായ ശൈലിയില്‍ പൂക്കളമൊരുക്കി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിമന്നനെ വേദിയിലേയ്ക്ക് ആനയിച്ച്, മലയാളി മങ്കമാര്‍ തിരുവാതിര അവതരിപ്പിച്ചപ്പോള്‍ പ്രവാസിമനസ്സുകളില്‍ എന്തെന്നില്ലാത്ത ആഹ്ളാദവും ഒപ്പം ഗൃഹാതുരത്വവുമുണര്‍ത്തി.
സെപ്റ്റമ്ബര 11 ഞായറാഴ്ച ഡബ്ലിനിലെ ക്രംലിന്‍ WSAF ഹാളിലാണ് വര്‍ണ്ണാഭമായ പരിപാടികള്‍ അരങ്ങേറിയത്.
ഗീതാ അന്തർജ്ജനം,കെ.എസ്.മോഹൻകുമാർ,പുഷ്‌പാകുമാരി,പ്രൊഫ:സുരേഷ്.സി.പിള്ള എന്നിവർ ചേർന്ന് രാവിലെ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും സപ്താ രാമൻ നമ്പൂതിരിയുടെ സ്വാഗതനൃത്തത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. അജയന്റെ ഓണസന്ദേശത്തെ തുടർന്ന് മോഹിനിയാട്ടം കേരളനടനം ,സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാസൃഷ്ടികൾ വേദിയെ സമ്പുഷ്ടമാക്കി.
അയർലണ്ടിൽ നാനോടെക്‌നോളജിയിൽ പുതിയ കണ്ടുപിടുത്തത്തിലൂടെ ലോക പ്രശസ്തനായ മലയാളി ശാസ്ത്രഞ്ജൻ പ്രൊഫ:സുരേഷ് .സി.പിള്ളയെ വേദിയിൽ വച്ച് വിനോദ് ഓസ്കാറും,രൂപേഷ് പണിക്കരും ചേർന്ന് പൊന്നാടയണിയിച്ച് ആദരിയ്ക്കുകയും ബാലവിഹാർ കുട്ടികൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണവും ചെയ്തു.
വസന്തിന്റെ നേതൃത്വത്തിൽ സത്ഗമയ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകളും,ബാലവിഹാർ കുട്ടികളുടെ പരിപാടികളും കൂടുതല്‍ നിലവാരമുള്ളതാക്കി.വിഭവസമൃദ്ധമായ സദ്യയെ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വൈവിധ്യമാര്‍ന്നകലാ- കായിക വിനോദമത്സരങ്ങള്‍ സംഘടിപ്പിയ്ക്കുകയും,Best Couple ആയി മൂന്നാം തവണയും ഇടശ്ശേരി രാമൻ നമ്പൂതിരിയേയും ,ബിന്ദു രാമനെയും തിരഞ്ഞെടുക്കുകയൂം എല്ലാവര്ക്കും സമ്മാനങ്ങൾ വിതരണവും ചെയ്തു. വൈകുന്നേരത്തോടെ ഓണാഘോഷപരിപാടികൾ അവസാനിച്ചു.