സൗദി അറേബ്യ : സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആരാംകോ എണ്ണക്കമ്പനിയുടെ താമസയോഗ്യമായ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ 11 പേര്‍ മരിച്ചു. 219 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ കിഴക്കുഭാഗത്ത് ദമാം അല്‍ഖോബോര്‍ ഹൈവേയിലാണ് അഗ്നിബാധയുണ്ടായത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയുള്ളത്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരില്‍ ചിലയാളുകളുടെ നില ഗുരുതരമാണെമന്നാണ് സൂചന. മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ള തൊഴിലാളികളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. എന്നാല്‍ മലയാളികളാരെങ്കിലും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു കെട്ടിടത്തിനു തീപിടിച്ചത്.കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നും തീ മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. മുപ്പതോളം അഗ്നിശമനസേന യൂണിറ്റുകള്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീപടര്‍ന്നതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന താമസക്കാരെ മാറ്റിപാര്‍പ്പിച്ചു. എന്നാല്‍ അഗ്നിബാധയുണ്ടായ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങഘിയവരെ വാതിലും ജനലും തകര്‍ത്ത് പുറത്തെത്തിക്കുകയായിരുന്നു. അഗ്നിബാധയുടെ കാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും ദുരിതബാധിതര്‍ക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നല്കാമെന്ന് ആരാംകോ കമ്പനി അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്ററുകളുടെ സേവനവും ലഭ്യമായിരുന്നു.