റിയാദ്:സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന വീഡിയോയിലുള്ളത് തങ്ങളുടെ പൗരനല്ലെന്ന് സൗദി അറേബ്യ. വീഡിയോയിലുള്ളയാള്‍ മറ്റൊരു അറബ് രാജ്യത്തെ പൗരനാണെന്നും സൗദി സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം നടന്നിരിക്കുന്നത് മസ്ജിദ് അല്‍ ഹറമിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വന്‍ വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കനേഡിയന്‍ ജേര്‍ണലിസ്റ്റായ തരേക് ഫതേഹാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തത്.
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ ഒലയ്യന്‍ നല്‍കുന്ന വിശദീകരണമിങ്ങനെയാണ്. അന്വേഷണ സംഘം സംഭവം നടന്ന സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. മര്‍ദ്ദനത്തിലേയ്ക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അന്വേഷണ സംഘം വിലയിരുത്തി. തൊഴിലാളിയെ മര്‍ദ്ദിച്ച എഞ്ചിനീയറേയും മര്‍ദ്ദനമേറ്റ തൊഴിലാളിയേയും സംഘം ചോദ്യം ചെയ്തു.
വീഡിയോയിലുള്ളത് സത്യമാണെന്ന് എഞ്ചിനീയര്‍ സമ്മതിച്ചു. മറ്റൊരു അറബ് രാജ്യത്ത് നിന്നും തൊഴിലിനായി സൗദിയിലെത്തിയതാണ് എഞ്ചിനീയര്‍. സംഭവത്തില്‍ ഇയാള്‍ തൊഴിലാളിയോട് മാപ്പപേക്ഷിച്ചു. തൊഴിലാളി മാപ്പ് നല്‍കുകയും ചെയ്തു. ഇതില്‍ അനന്തര നടപടികള്‍ കൈക്കൊള്ളാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം എഞ്ചിനീയര്‍ ഈജിപ്ഷ്യന്‍ പൗരനാണെന്ന് ചില റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.