നവോദയ അംഗങ്ങളുടെ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന 20142015 ലെ സ്‌കോളര്‍ഷിപ്പ് വിതരണോല്‍ഘാടനം എം.പി. എം.ബി.രാജേഷ് ദമ്മാമില്‍ നിര്‍വഹിച്ചു.
കേരളത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ തൊട്ട് തലോടി കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്, എസ്സ്.എന്‍.ഡി.പി എന്നതിന്റെ പേരില്‍ ഈ വിഭാഗത്തെ ആര്‍.എസ്സ്.എസ്സ് മായി അടുപ്പിക്കാനും ഗുരുവിനെ കാവി പുതപ്പിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും, കേരളത്തില്‍ ഗുരു എന്തെല്ലാം നിര്‍ത്തലാക്കിയോ അതെല്ലാം തിരികെ കൊണ്ടുവരാന്‍ വര്‍ഗ്ഗീയ കക്ഷികള്‍ ശ്രമിക്കുകയാണെന്നും തുടര്‍ന്ന് ഗുരുവിന്റെ സംഭാവനകളെ കുറിച്ചും ഇങ്ങിനെ പറഞ്ഞു
കേരളീയ നവോത്ഥാനത്തിന്റെയും ആധുനിക ജനാധിപത്യസമൂഹത്തിന്റെയും ശിലാസ്ഥാപനം എന്ന് വിശേഷിപ്പിക്കാവുന്ന അരുവിപ്പുറം പ്രതിഷ്ഠ, ഒരേസമയം വിശ്വാസത്തിന്റെ ഉപയോഗവും നിലനില്‍ക്കുന്ന ആചാരത്തിന്റെ ലംഘനവുമായിരുന്നു. അതിലൂടെ ബ്രാഹ്മണമേധാവിത്വത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥയെ അദ്ദേഹം വിറകൊള്ളിച്ചു. നടത്തിയത് വിഗ്രഹപ്രതിഷ്ഠയാണെങ്കിലും സവര്‍ണര്‍ക്കുമാത്രം കയറാന്‍ അവകാശമുള്ള ക്ഷേത്രത്തിനുപകരം എല്ലാവര്‍ക്കും കയറാവുന്ന മാതൃകാസ്ഥാനം എന്നാണ് ഗുരു അവിടെ രേഖപ്പെടുത്തിയത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അവിടെ രേഖപ്പെടുത്തിയ വരികളില്‍ മതാതീതമായ ആത്മീയതയുടെ ആത്മാവാണ് കാണുന്നത്. പിന്നീട് പലയിടത്തും ജാതിചിന്തയ്‌ക്കെതിരായ ജനങ്ങളുടെ ബോധം ഉയര്‍ത്താനുള്ള സമരായുധം എന്ന നിലയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ പരിമിതിയെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അദ്ദേഹം വിഗ്രഹത്തിനുപകരം കണ്ണാടിയും വിളക്കുമെല്ലാം പ്രതിഷ്ഠിച്ചു.
പ്രതീകങ്ങളുടെ സമരോത്സുകമായ പ്രയോഗത്തിന്റെ സാധ്യതകള്‍ക്കൊപ്പം അതിന്റെ പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവ് പ്രതിഷ്ഠകള്‍ അനേകം നടത്തിയ ഗുരുവിനെ വിഗ്രഹഭഞ്ജകനുമാക്കി. ഇത്തരമൊരു സന്ദര്‍ഭം സഹോദരന്‍ അയ്യപ്പന്റെ സഹധര്‍മിണിയായ പാര്‍വതി അയ്യപ്പന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍വതിയുടെ അച്ഛന്‍ ജഡ്ജിയായിരുന്ന അയ്യാക്കുട്ടിയാണ്. അവരുടെ പ്രശസ്തമായ തറവാട്ട് ഭവനം സന്ദര്‍ശിക്കാനെത്തിയ ഗുരു തറവാട്ടുമുറ്റത്ത് പലയിടത്തായി കണ്ട കൊച്ചുകൊച്ചു അമ്പലങ്ങളും അതിലെ പ്രതിഷ്ഠകളുംകണ്ട് അതെല്ലാം പൊളിച്ചുമാറ്റിക്കളയാമെന്ന് നിര്‍ദേശിച്ചു. അമ്പരന്നുപോയ അയ്യാക്കുട്ടിയോടും വീട്ടുകാരോടും അതിന് ഭയമുണ്ടെങ്കില്‍ താന്‍തന്നെ അത് ചെയ്യാമെന്നു പറയുകയും വിഗ്രഹങ്ങള്‍ പിഴുതെടുത്ത് ചാക്കിലാക്കി ഒരാളുടെകൂടി സഹായത്തോടെ സമീപത്തെ പുഴയില്‍ നിക്ഷേപിക്കുകയും ചെയ്തുവത്രേ! ഗുരുവില്‍ അവകാശമുന്നയിക്കാന്‍ അദ്ദേഹം വിഗ്രഹപ്രതിഷ്ഠ നടത്തിയിട്ടുണ്ടെന്ന ന്യായംപറയുന്ന സംഘപരിവാറിന് ഈ വിഗ്രഹഭഞ്ജകനായ ഗുരു സ്വീകാര്യനാകുന്നത് എങ്ങനെ?
മതപരമായ വേര്‍തിരുവുകള്‍ ഉണ്ടെങ്കില്‍ എങ്ങിനെയാണ് രണ്ടു മതക്കാരുടെ അവയവങ്ങള്‍ തുന്നി പിടിപ്പിച്ചിട്ടും അവര്‍ക്ക് ഒരു കുഴപ്പവുമില്ലാതെ ജീവിക്കാന്‍ പാറ്റുന്നതെന്ന ആമുഖത്തോടെ അവയവ ദാനത്തിന്റെ മഹത്വത്തെ കുറിച്ചും പ്രസംഗത്തില്‍ ഇങ്ങിനെ തുടര്‍ന്ന് സംസാരിച്ചു വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയകളും സമീപകാലത്തായി വളര്‍ന്നു വരുന്ന അവയവദാന അവബോധവുമെല്ലാം എല്ലാ ഭിന്നതകള്‍ക്കും അതീതമായ മാനവികതയുടെ സന്ദേശം കൂടി നല്‍കുന്നുണ്ട്. മാത്യുവിന്റെ കാര്യം തന്നെയെടുക്കുക. ഹൃദയം നല്‍കാനുള്ള ഹൃദയവിശാലത കാണിച്ചത് നീലകണ്ഠ ശര്‍മയുടെ കുടുംബംസഹായം നല്‍കിയത് സിദ്ധിക്ക് അഹമ്മദ്. നീലകണ്ഠ ശര്‍മ്മ എന്ന ഹിന്ദുവിന്റെ നെഞ്ചിന്‍ കൂടിനുള്ളില്‍ നിന്ന് ഒരു പോറലുപോലുമില്ലാതെ അങ്ങേയറ്റത്തെ കരുതലോടെ മിടിക്കുന്ന ആ ഹൃദയം വേര്‍പെടുത്തി അതുമായി എറണാകുളത്ത് പറന്നെത്തിക്കാനും ചൂടുവറ്റാത്ത ആ ഹൃദയം മറ്റൊരാളുടെ നെഞ്ചകത്തില്‍ സൂക്ഷ്മമായി തുന്നിച്ചേര്‍ക്കാനും നേതൃത്വം കൊടുത്ത വിദഗ്ദ്ധ ഡോക്ടര്‍മാരടക്കം സാധാരണക്കാര്‍ വരെയുള്ളവരുടെ മഹത്തായ കൂട്ടായ്മയുടെ വിജയമാണിത്. ഇതില്‍ ജാതിയും മതവും കക്ഷിരാഷ്ട്രീയവുമൊന്നും തടസ്സമായില്ല. ഇതിനായി കൈ കോര്‍ത്തവരുടെ ജാതിയും മതവുമൊന്നും ആരും അന്വേഷിക്കുന്നില്ല. ഇന്ന് ഒരു ഹിന്ദുവിന്റെ ഹൃദയം ക്രിസ്ത്യാനിയുടെ നെഞ്ചിനകത്തിരുന്നു മിടിക്കുമ്പോള്‍ ശാസ്ത്രം തെളിയിച്ചത് ഹൃദയത്തിനും ചോരക്കും മതമില്ല എന്നാണ്. എല്ലാ മനുഷ്യരുടെയും ജനിതക ഘടന ഒന്നാണ് എന്ന നോബല്‍ സമ്മാനം നേടിയ കണ്ടുപിടിത്തം തെളിയിച്ചതും സത്യം തന്നെ. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു……’ എന്ന് തുടങ്ങുന്ന പ്രസിദ്ധമായ വയലാറിന്റെ ഗാനം ഇവിടെ ഓര്‍മ്മിക്കാം. ഇ.എം.എസ്സിന്റെ ഭാര്യ ആര്യ അന്തര്‍ജ്ജനം മരിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ പൂന്തുറയിലെ ഒരു മുസല്‍മാന് വെളിച്ചം പകര്‍ന്നു എന്ന പത്രവാര്‍ത്തയും ഇപ്പോള്‍ ഓര്‍ക്കുന്നു. ജീവിതത്തിലാദ്യമായി ആ മനുഷ്യന്‍ പ്രിയപ്പെട്ടവരെയും പൂക്കളുടെ സൌന്ദര്യത്തെയുമൊക്കെ കണ്‍തുറന്നു കണ്ടത് ആ കണ്ണുകള്‍ കൊണ്ടായിരുന്നു. അന്തര്‍ജ്ജനത്തിന്റെ കണ്ണുകള്‍ മുസല്‍മാന് വെളിച്ചം പകരുമ്പോഴും തെളിയുന്നത് ജാതി മത ഭേദത്തിന്റെയും അതിന്റെ പേരിലുള്ള കലഹങ്ങളുടെയും നിരര്‍ത്ഥകത.
ഈ വര്‍ഷം നവോദയ സാംസ്‌കാരിക വേദി ഈസ്റ്റേണ്‍പ്രോവിന്‍സിന്റെ അംഗങ്ങളുടെ നാട്ടിലെയും ഇവിടെയുമുള്ളവരുടെ 103 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. കൂടാതെ കിഴക്കന്‍ പ്രവിശ്യയില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ 12 കുട്ടികള്‍ക്കുള്ള പ്രശംസാപത്രവും മോമേന്‌ടോയും ചടങ്ങില്‍ വെച്ച് ശ്രീ എം.ബി.രാജേഷ് കുട്ടികള്‍ക്കും, കുട്ടികള്‍ നാട്ടില്‍ പോയ രക്ഷിതാക്കള്‍ക്കും വിതരണം നിര്‍വഹിച്ചു.
മനേഷ് പുല്ലുവഴി സ്വാഗതം പറഞ്ഞ യോഗത്തില്‍, നവോദയ പ്രസിഡണ്ട് സിദ്ദിക് കല്ലായി അധ്യക്ഷനായിരുന്നു, സ്‌കോളര്‍ഷിപ്പ് വിതരണത്തെ കുറിച്ചും നവോദയ പ്രവര്‍ത്തനങ്ങളെ പറ്റിയും നവോദയ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് വിശദീകരിച്ചു, ചടങ്ങില്‍ നവോദയ ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ നന്ദി രേഖപെടുത്തി
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോക്ടര്‍, അബ്ദുള്‍ സലാം, നവോദയ രക്ഷാധികാരി ആസാദ് തിരൂര്‍, രക്ഷാധികാരി അംഗങ്ങളായ പ്രദീപ് കൊട്ടിയം, നയീം.എം.എം. ബഷീര്‍ വാരോട് എന്നിവരും സദസ്സില്‍ സന്നിഹിതരായിരുന്നു