പി.പി ചെറിയാൻ
വാഷിങ്ടൺ: പതിനെട്ടുവയസിൽ താഴെയുള്ളവരിൽ ഇ സിഗരറ്റിന്റെ ഉപയോഗം വർധിച്ചുവരുന്നതു ആശങ്കയുയർത്തുന്നതായി സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പുറത്തു വിട്ട സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുപ്പതു കുട്ടികളുള്ള ഹൈസ്‌കൂൾ ക്ലാസിൽ ഏഴുപേരിലധികം പുകയില ഉപയോഗിക്കുന്നുണ്ടെങ്കിൽ മിഡിൽ ക്ലാസിൽ മൂന്നു പേർ ഇതിനടിമയാണെന്നു റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയിൽ പതിനെട്ടുവയിൽ താഴെയുള്ളവരിൽ 5.6 മില്ല്യൺ കുട്ടികൾ പുകയില ഉപയോഗിക്കുന്നതു മൂലമുള്ള രോഗങ്ങൾക്കു അടിമയാണ്. പുകയിലയുടെ നേരിട്ടുള്ള ഉപയോഗം കുറഞ്ഞു വരുന്നതായും ഈ സിഗരറ്റിന്റെ ഉപയോഗം വർധിച്ചുവരുന്നതായും 2011 മുതൽ 2015 വരെ ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നു.
വ്യത്യസ്ത രുചിഭേദങ്ങളിൽ സുലഭമായി ലഭിക്കുന്ന ഇ സിഗരറ്റുകൾ പുകയില ഇല്ലാത്തതിനാൽ ആരോഗ്യത്തിനു ഹാനികരമല്ല എന്ന് ഉത്പാദകർ വാദിക്കുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ പ്രൊപ്പലിൻ ഗൈക്കോൾ തുടങ്ങിയ രാസപദാർത്ഥങ്ങൾ ശ്വാസംമുട്ടും കാൻസറും അടക്കമുള്ള രോഗങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ പറയുന്നു.
അമേരിക്കയിൽ 5.6 ബില്യൺ ഇ-സിഗരറ്റുകളാണ് വിൽപന നടക്കുന്നതെന്നു സിഡിഡി റിപ്പോർട്ടിൽ പറയുന്നു. 2013 -14 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 6,6000 ഹൈസ്‌കൂൾ വിദ്യാർഥികളാണ് ഇ സിഗരറ്റ് ഉപയോഗിച്ചിരുന്നതെങ്കിൽ ഉപ്പോൾ ഈ സംഖ്യ രണ്ടു മില്യൺ കവിഞ്ഞിരിക്കുന്നത് അപകടകരമായ സ്ഥിതി വിശേഷത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.