നാടോടികളെപ്പോലെ ട്രെയിലറുകളിൽ രാപ്പാർക്കാം; മേഖലയിലെ ആദ്യത്തെ ട്രെയിലർ സ്റ്റേ പദ്ധതി പ്രഖ്യാപിച്ച് ഷാർജ

വേറിട്ട സഞ്ചാരാനുഭവങ്ങൾ തേടുന്നവർക്കായി ‘നൊമാഡ്’ എന്ന പുതിയ പദ്ധതി അനാവരണം ചെയ്ത് ഷാർജ. നാടോടി ജീവിതത്തോട് സമാനമായി പ്രകൃതിയോടിണങ്ങി ട്രെയിലറുകളിൽ രാപ്പാർക്കാനാവുന്ന ഇത്തരമൊരു സഞ്ചാരാനുഭവം മേഖലയിൽ തന്നെ ആദ്യത്തേതാണ്.  ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ വച്ച് ഷാർജ നിക്ഷേപവികസന വകുപ്പാണ് (ഷുറൂഖ്) ലോകശ്രദ്ധയാകർഷിക്കുന്ന പ്രഖ്യാപനം നടത്തിയത്.

പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന, അതിഥികൾക്ക് വ്യത്യസ്തമായ അനുഭവം പകരുന്ന അപൂർവപദ്ധതിയാണ് നൊമാഡ് ട്രെയിലർ സ്റ്റേ. ഒരിടത്ത് തന്നെ സ്ഥിരമായി ഉറപ്പിച്ചു നിർത്തുന്നതിന് പകരം, നാടോടിജീവിതങ്ങളിലെന്ന പോലെ, വർഷത്തിലെ ഓരോ സീസണിലും അനുയോജ്യമായ ഇടങ്ങളിൽ തമ്പടിക്കുന്ന വിധത്തിലാണ് നൊമാഡ് പ്രവർത്തിക്കുക. മെലീഹയിലെ മരുഭൂമിയിലും ഖോർഫക്കാനിലെ മലനിരകളിലും ഹംരിയയിലെ ബീച്ച് പരപ്പുകളിലുമെന്നിങ്ങനെ ഷാർജയുടെ വൈവിധ്യമാർന്ന കാഴ്ചകളിലെല്ലാം കാലാവസ്ഥക്ക് അനുയോജ്യമായി വർഷത്തിലെ വിവിധ സമയങ്ങളിൽ നൊമാഡ് ട്രെയിലറുകൾ തമ്പടിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തിൽ വർഷത്തിൽ പല സമയങ്ങളിലായി പലയിടങ്ങിളിലേക്ക് നീങ്ങും എന്നതാണ് നൊമാഡിനെ നിലവിലുള്ള മറ്റ് ക്യാബിൻ താമസങ്ങളിൽ നിന്ന് വ്യത്യസ്തമായ‌ ഒരപൂർവ അനുഭവമാക്കി മാറ്റുന്നത്.

സാഹസികസഞ്ചാരികൾക്കും കുടുംബസഞ്ചാരികൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാവും നൊമാഡിലെ ക്രമീകരണങ്ങൾ. ഒരു ദിവസമോ കുറച്ചധികം ദിവസങ്ങളോ ഒക്കെ തങ്ങാനുള്ള സൗകര്യം ട്രെയിലറുകളിലുണ്ടാവും. പുതിയ ജീവിതശൈലികൾക്കാവശ്യമായ എല്ലാ അത്യാധുനിക സൗകര്യങ്ങളുമടങ്ങുന്ന താമസയിടങ്ങൾ, അതത് ഇടങ്ങളിലെ പ്രകൃതിയോടിണങ്ങുംവിധമാവും സജ്ജീകരിക്കപ്പെടുക. പ്രകൃതിസൗഹൃദമാതൃകകൾ പിൻപറ്റി, നിലകൊള്ളുന്നയിടത്തെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും യാതൊരു കോട്ടവും പറ്റാത്തെ വിധമാവും നൊമാഡിന്റെ മുഴുവൻ പ്രവർത്തനവും.

ചൂടുകാലത്ത് പൊതുവെ സജീവത കുറയുന്ന യുഎഇയിലെയും ജിസിസിയിലെയും വിനോദസഞ്ചാരമേഖലക്ക് ഒന്നടങ്കം മാതൃകയാകുന്നതും പുതിയ ഉണർവ് പകരുന്നതുമാണ് ഷുറൂഖിന്റെ പുതിയ പദ്ധതി. ഓരോ കാലാവസ്ഥക്കും അനുയോജ്യമായ ഇടങ്ങളിലേക്ക് മാറിമാറി തമ്പടിക്കുന്നു എന്നതുകൊണ്ട്  സഞ്ചാരികൾക്കെപ്പോഴും സൗകര്യപ്രദമായി തങ്ങാനും വേറിട്ട കാഴ്ചകൾ അനുഭവിക്കാനുമാവും.

സാംസ്കാരിക മൂല്യങ്ങളാലും പ്രകൃതിദത്തമായ കാഴ്ചകളാലും സമ്പന്നമായ ഷാർജയുടെ വൈവിധ്യത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ‘നൊമാഡ്’ എന്ന് പദ്ധതി അനാവരണം ചെയ്ത് ഷുറൂഖ് എക്സിക്യുട്ടീവ് ചെയർമാൻ ഹിസ് എക്സലൻസി മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു- “വേനലായാലും തണുപ്പായാലും അതിനനുയോജ്യമായ ഇടങ്ങളിൽ തമ്പടിക്കുന്ന, ലോകോത്തര നിലവാരത്തിലുള്ള താമസയിടമാവും നൊമാഡ്. ഇത്തരത്തിലുള്ള മേഖലയിലെ തന്നെ ആദ്യത്തെ പദ്ധതിയാണിത്. മലനിരകളിലും മരുഭൂമിയിലെ മണൽപരപ്പിലും കടൽത്തീരത്തുമെല്ലാമായി പ്രകൃതിയോടിണങ്ങി ചെലവഴിക്കുന്ന അവധിദിനങ്ങൾ എന്ന സങ്കൽപം. ഹോട്ടൽ മുറികളിൽ നിന്ന് മാറി പുറം കാഴ്ചകളും സാഹസികതയും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് തീർച്ചയായും ഇതൊരു വേറിട്ട അനുഭവം തന്നെയാവും. മേഖലയിൽ ഇത്തരമൊരു പദ്ധതി ആദ്യമായി അനാവരണം ചെയ്യാനായത് അഭിമാനകരമായി കരുതുന്നു. സുസ്ഥിരവികസന ആശയങ്ങൾ അടിസ്ഥാനമാക്കി, ഷുറൂഖ് നടത്തുന്ന വികസനപ്രവർത്തനങ്ങളുടെ തുടർച്ചയാണിത്” – അദ്ദേഹം പറഞ്ഞു.

ഷാർജയിലെ വൈവിധ്യമാർന്ന കാഴ്ചകൾ കൂടുതൽ പേരിലേക്കെത്താനും നിക്ഷേപസാധ്യതകളന്വേഷിക്കുന്നവർക്ക് പുതിയ അവസരമൊരുക്കാനും പുതിയ പദ്ധതിയിലൂടെയാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.

സിം​ഗപ്പൂർ ആസ്ഥാനമായുള്ള ലോകപ്രശസ്ത ആഡംബര ഹോട്ടൽ ശൃംഖലയായ ലക്സ് ​ഗ്രൂപ്പുമായി ചേർന്ന് ഖോർഫക്കാനിൽ ഒരുക്കുന്ന അൽ ജബൽ റിസോർട്ട്, അൽ ദെയ്ദ് പ്രദേശത്തെ അൽ ബ്രിദി റിസോർട്ട് എന്നീ പദ്ധതികളടക്കം മേഖലയിലെ വിനോദസഞ്ചാരമേഖലക്ക് പുത്തനുണർവ് പകരുന്ന നിരവധി പ്രഖ്യാപനങ്ങളാണ് വേൾഡ് ട്രാവൽ മാർക്കറ്റിൽ ഷുറൂഖ് നടത്തിയത്.

Top