വാഷിങ്ടണ്‍: സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിയില്‍ ഓക്‌സിജന്‍ ഇനി 8 മണിക്കൂറിന് കൂടി മാത്രം. കടലിനടിയില്‍ നിന്ന് കൂടുതല്‍ ശബ്ദതരംഗങ്ങള്‍ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് തിരച്ചില്‍ നടത്തുന്നതെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ടതായിരുന്നു അന്തര്‍വാഹിനി.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്.
22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്. ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് ആണ് അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ദി ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്. 13123 അടി ആഴത്തില്‍ വരെയാണ് ടൈറ്റന് പോവാനാവുകയെന്നാണ് അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ദി എവറെറ്റ് നല്‍കുന്ന വിവരം.