സ്വന്തം ലേഖകൻ
ഡബ്ലിൻ:കൗമാരക്കാർ അത്മഹത്യ ചെയ്യുന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ അയർലണ്ട് നാലാം സ്ഥാനത്ത്. ഡിപ്രഷൻ അഥവാ വിഷാദരോഗമാണ് അയർലണ്ടിലെ കൗമാരക്കാരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു.
ലോക ആത്മഹത്യാവിരുദ്ധ ദിനത്തിൽ കൗമാര ആത്മഹത്യ തടയുന്നതിനായി രാജ്യം നടപടിയെടുക്കണമെന്ന് അയർലണ്ടിലെ മനോരോഗവിദഗ്ദ്ധരുടെ സംഘടന ആവശ്യപ്പെട്ടു. അയർലണ്ടിനു പുറമെ ലിത്വാനിയ, എസ്റ്റോണിയ, ഫിൻലൻഡ് എന്നിവിടങ്ങളിലാണ് കൗമാരക്കാർ കൂടുതലായും ആത്മഹത്യയിൽ ജീവൻ അവസാനിപ്പിക്കുന്നത്.
വിഷാദരോഗമാണ് ഇവിടെ കൗമാരക്കാരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതിൽ പ്രദാന കാരണമെന്നും, കൃത്യമായ പദ്ധതികളിലൂടെ ഇത്തരം മാനസിക പ്രശ്‌നങ്ങൾ പരിഹാരിക്കാൻ കഴിയുമെന്നും സൈക്കോളജിസ്റ്റായ ടെറി മോറിസി പറഞ്ഞു. സ്‌പോർട്‌സ്, എക്‌സർസൈസ്, ആരോഗ്യകരമായ ഭക്ഷണം, മാതാപിതാക്കളുമായുള്ള ഊഷ്മളമായ ബന്ധം എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാൻ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി തന്നെ ആരംഭിക്കേണ്ടതുണ്ട്.
രക്ഷിതാക്കളുമായി എല്ലാം തുറന്നു പറയാനും, ഒരു പ്രശ്‌നം വരുമ്പോൾ അവരുമായി അത് ചർച്ച ചെയ്യാനും കൗമാരക്കാർക്ക് കഴിയുന്ന അന്തരീക്ഷം കുടുംബങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ടെന്ന് മനോരോഗ വിദഗ്ദ്ധനായ ഡോ: ഗാരി ഡയമണ്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സൈക്കോളജിക്കൽ സൊസൈറ്റിക്കായി പ്രഭാഷണം നടത്തുകയും ചെയ്യും.
മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും, അവ എങ്ങനെ പരിഹരിക്കാം എന്നും കാട്ടി മൂവെംബർ ഫൗണ്ടേഷൻ എന്ന സംഘടന പ്രചോദനജനകമായ ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.