സ്വന്തം ലേഖകൻ
ഡബ്ലിൻ:ടാക്‌സ് വിവാദത്തിൽ ആപ്പിൾ കമ്പനിയെ പിന്തുണച്ച് സർക്കാർ വീണ്ടും രംഗത്ത്. ആപ്പിൾ അയർലണ്ടിന് 13 ബില്ല്യൺ യൂറോ നൽകണം എന്ന യൂറോപ്യൻ കമ്മിഷൻ നിലപാടിനെ ഇന്നലെ മന്ത്രിസഭ ഐകകണ്‌ഠേന എതിർത്തു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ ടാക്‌സ് അയർലണ്ടിലാണ് – 12.5. ഇതിനു തുരങ്കം വയ്ക്കാനാണ് യൂറോപ്യൻ യൂണിയനും ചില അംഗരാജ്യങ്ങളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി എൻഡ കെന്നിയും ധനമന്ത്രി മൈക്കൽ നൂനാനും വിമർശനമുയർത്തി. കമ്മിഷൻ തീരുമാനത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ അയർലണ്ടിനെതിരെ പടയൊരുക്കം നടത്തുകയാണെന്നും കെന്നി തുറന്നടിച്ചു. ഇത് അയർലണ്ടിന്റെ പരമാധികാരം സംബന്ധിച്ച പ്രശ്‌നമാണെന്നും എൻഡ കെന്നി പറഞ്ഞു. തങ്ങളെക്കാൾ വലുതും കരുത്തുറ്റതുമായ രാജ്യങ്ങളുടെ പ്രീതി സമ്പാദിക്കാനാണോ യൂറോപ്യൻ യൂണിയൻ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നും കെന്നി ചോദിച്ചു.
12.5% കോർപ്പറേഷൻ ടാക്‌സ് എന്ന പോളിസി പ്രകാരം ലോകോത്തര കമ്പനികളുടെ ഹെഡ്ക്വാർട്ടേഴ്‌സ് അയർലണ്ടിൽ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ച മൈക്കൽ നൂനാൻ, തങ്ങളുടെ ടാക്‌സ് പോളിസിക്കെതിരെയുള്ള ആക്രമണമാണ് ടാക്‌സ് വിവാദം എന്നും അഭിപ്രായപ്പെട്ടു. 2011ൽ കോർപ്പറേഷൻ ടാക്‌സ് കുറയ്ക്കാനുള്ള കെന്നിയുടെ തീരുമാനത്തെ അന്നത്തെ ഫ്രാൻസ് പ്രസിഡന്റ് നിക്കോളാസ് സർക്കോസി എതിർത്ത കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നും പല രാജ്യങ്ങളും ഇതേ മനോഭാവം വച്ചു പുലർത്തുന്നുവെന്നും, കോർപ്പറേഷൻ ടാക്‌സ് വർദ്ധിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും നൂനാൻ കൂട്ടിച്ചേർത്തു. കമ്മിഷൻ തീരുമാനത്തിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് സർക്കാരിനെ എതിർത്തിരുന്ന മന്ത്രിമാരായ ഷെയ്ൻ റോസ്, ഫിനിയൻ മക്ഗ്രാത്ത്, കാതറിൻ സപ്പോനെ എന്നീ മന്ത്രിമാരും ടാക്‌സ് സിസ്റ്റം പുനഃപരിശോധിക്കാം എന്ന പ്രധാനമന്ത്രിയുടെ ഉറപ്പിൻമേൽ ഇന്നലെ സർക്കാരിനെ പിന്തുണച്ചു.