സ്വന്തം ലേഖകൻ
ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വീട് വാങ്ങുക എന്നത് രാജ്യത്ത്് ഏറ്റവും ചിലവേറിയ പരിപാടികളിൽ ഒന്നായി മാറിതോടെയാണ് സർക്കാർ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. ബജറ്റിൽ ഇതിന്റെ ഭാഗമായുള്ള നടപടികൾ കൂടി ഉണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്. ആദ്യമായി വീടു വാങ്ങുന്നവർക്ക് ടാക്‌സ് റിബേറ്റ് നൽകാനുള്ള സർക്കാർ തീരുമാനം അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപിച്ചേക്കും. 10,000 യൂറോ വരെ ടാക്‌സ് ഇളവ് നൽകാനാണ് സർക്കാർ തീരുമാനം. ഒക്ടോബർ 11നാണ് ബജറ്റ് അവതരണം.
അതേസമയം കഴിഞ്ഞ ജൂലൈ പകുതിക്ക് മുമ്പ് വീട് വാങ്ങിയവർക്ക് ഈ സഹായം ലഭിക്കില്ല എന്നുള്ളത് ഇവരെ സർക്കാരിന് എതിരാക്കിയിരിക്കുകയാണ്. ഇവർക്ക് സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിക്കില്ലെന്ന് ധനകാര്യമന്ത്രി മൈക്കൽ നൂനാൻ വ്യക്തമാക്കിക്കഴിഞ്ഞു. ഇവർക്ക് സഹായം നൽകുന്നത് പദ്ധതി ലക്ഷ്യത്തിലെത്താതിരിക്കാൻ കാരണമാകുമെന്നാണ് മന്ത്രി പറയുന്നത്.
പുതുതായി നിർമ്മിച്ച വീട് വാങ്ങുന്നവർക്ക് മാത്രമേ ഈ പദ്ധതി വഴി സഹായം ലഭിക്കൂ. 10,000 യൂറോ വരെ ടാക്‌സ് റിബേറ്റ് ആയാണ് സഹായം നൽകുക. ഡബ്ലിനിൽ ഇത്തരം വീടുകൾക്ക് 300,000 യൂറോയും, കോർക്കിൽ 250,000 യൂറോയും ആണ് ശരാശരി വില. ജൂലൈ 19ന് ശേഷം വീട് വാങ്ങിയവർക്കും, ഇനി വാങ്ങാനിരിക്കുന്നവർക്കും മാത്രമേ സഹായം ലഭിക്കൂ എന്നതാണ് ജനങ്ങളെ സർക്കാരിന് എതിരാക്കിയിരിക്കുന്നത്. ജൂലൈ 19നാണ് സർക്കാരിന്റെ ഈ ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചത്.