കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും കുവൈറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങള തുടർന്നു യു എ ഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരുടെ പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനു നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു ഇന്ത്യയിൽ നിന്നും നേരിട്ട് യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ യു എ ഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പോയി നിബന്ധനകൾ അനുസരിച്ചുള്ള ക്വാറന്റ്യ്നും ടെസ്റ്റുകളും നടത്തി അവിടെനിന്നും അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്നതായിരുന്നു രീതി. വിസാകാലാവധിയും മറ്റും തീരുന്നതിനു മുൻപ് തന്നെ വിദേശത്തെ തൊഴിൽ സ്ഥലത്തുചെല്ലുവാൻ ചിലവേറെയുണ്ട് എങ്കിലും ഈ രീതിയാണ് പ്രവാസികൾ സ്വീകരിച്ചു വന്നിരുന്നത്.
എന്നാൽ സൗദി അറേബ്യയും കുവൈറ്റും ഇപ്പോൾ ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്നു ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നതു എന്നും, ഇവരെ സൗദ്യ അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു പ്രവേശിപ്പിക്കാൻ വേണ്ട നടപടികൾക്കായി കേന്ദ്രസർക്കാർ ഇടപെടണമെന്നും, കുടുങ്ങി കിടക്കുന്നവരുടെ സഹായത്തിനായി, താമസവും ഭക്ഷണവും മറ്റു സഹായങ്ങളും ഉറപ്പാക്കാൻ ഈ രാജ്യത്തെ ഇന്ത്യൻ എംബസികൾക്കു നിർദേശം നൽകണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കുവൈറ്റ് കൺട്രിഹെഡ് ബാബു ഫ്രാൻസിസ് എന്നിവർ വിദേശകാര്യ മന്ത്രി ശ്രീ. ജയശങ്കറിന് നൽകിയ നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്