മാഞ്ചസ്റ്റര്‍: യുകെ മലയാളിയായ ഒന്‍പത് വയസ്സുകാരന്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. മാഞ്ചസ്റ്ററിലെ ഹില്ഗീനില്‍ കുടുംബമായി താമസിക്കുന്ന ഷാജി കല്ലടാന്തിയില്‍- പിനി ദമ്പതികളുടെ ഇളയ മകന്‍ ജോണ്‍ പോള്‍ കല്ലടാന്തിയില്‍ ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ തുടരവേയാണ് മരണം. കോട്ടയം നീണ്ടൂര്‍ സ്വദേശികളാണ് ജോണ്‍ പോളിന്റെ മാതാപിതാക്കള്‍. റയാന്‍, റൂബന്‍, റിയോണ്‍, പരേതയായ ഇസബെല്‍ എന്നിവരാണ് ജോണ്‍ പോളിന്റെ സഹോദരങ്ങള്‍.
ഓഗസ്റ്റ് അറിന് നടന്ന മരണ വിവരം ഇന്നലെയാണ് കുടുംബം പുറത്തു വിട്ടത്. ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുവാനായി പോര്‍ച്ചുഗലില്‍ പോയിരുന്ന ജോണ്‍ പോളിന്റെ സഹോദരന്‍മാരില്‍ ഒരാള്‍ തിരിച്ചു വന്നത് ഇന്നലെ ആയിരുന്നു. അതിനാലാണ് മരണ വിവരം പുറത്തു വിടാന്‍ വൈകിയത്.
ജോണ്‍ പോളിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് വിഥിന്‍ഷോ സെന്റ് ആന്റണീസ് കാത്തോലിക് ചര്‍ച്ചില്‍ വെച്ച് നടക്കും.