ലണ്ടൻ :ഇംഗ്ലണ്ടിലെ റെഡ്ഡിച്ചിലില്‍ മലയാളി നഴ്സിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പൊൻകുന്നം ചിറക്കടവ് സ്വദേശി ഷീജയുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം ഉയർന്നത് . ഷീജയുടെ മൃതദേഹം നാട്ടിലെത്തിക്കാനും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി.അതേസമയം ആത്മഹത്യ ചെയ്ത ഷീജ കൃഷ്ണന്‍ കൂട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശം നാട്ടിലെ കുടുംബത്തിന് വേദനയാകുന്നു. ചിറക്കടവ് ഓലിക്കല്‍ കൃഷ്ണന്‍ക്കുട്ടിയുടേയും ശ്യാമളയുടേയും മകളാണ് ഷീജ.പാലാ അമനകര സ്വദേശി ബൈജുവാണ് ഭര്‍ത്താവ്.
ഷീജയെ ബൈജു മർദിച്ചിരുന്നതായും സമ്പാദ്യമത്രയും തട്ടിയെടുത്തുവെന്നും കുടുംബം ആരോപിക്കുന്നു. മൃതദേഹം ഇംഗ്ലണ്ടിൽ സംസ്കരിക്കാനാണ് നിലവിൽ നീക്കം. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബന്ധുക്കൾ പരാതി നൽകി. ബൈജുവിനൊപ്പമുള്ള കുട്ടികളെ നാട്ടിലെത്തിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ആദ്യം അറിയിച്ചത് പനിയെ തുടര്‍ന്ന് ഹൃദയാഘാതത്താല്‍ മരിച്ചെന്നാണ് . പിന്നീട് ഷീജയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന് അറിഞ്ഞത്. മരണം നടന്ന ദിവസം മക്കളില്‍ ഒരാള്‍ക്ക് പനിയായതിനാല്‍ ബൈജു ജോലി സ്ഥലത്തു നിന്നെത്തി ആശുപത്രിയില്‍ കൊണ്ടുപോയെന്നും തിരികെയെത്തി വീടിന് മുമ്പില്‍ മകനെ ഇറക്കിവിട്ട് മടങ്ങിയെന്നുമാണ് പൊലീസിന് നല്‍കിയ മൊഴി. വീടിനുള്ളില്‍ കയറിയ മകന്‍ ഷീജയെ മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ അറിയിച്ചത് അനുസരിച്ച് മടങ്ങിയെത്തുകയായിരുന്നുവെന്നാണ് പൊലീസിനും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് വിഭാഗമായ പാരാമെഡികിസ് ഗ്രൂപ്പിനും ബൈജു മൊഴി നല്‍കി.
മരിക്കും മുമ്പ് ഷീജ അടുത്ത സുഹൃത്തുക്കള്‍ക്ക് കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞ് ശബ്ദ സന്ദേശം അയച്ചിരുന്നു. ഭര്‍ത്താവിനെ കുറിച്ചുള്ള പരാതിയാണ് അറിയിച്ചത്. പനിയായി കിടന്നപ്പോള്‍ നോക്കിയില്ലെന്നും ആറുലക്ഷം ശമ്പളമുണ്ടായിട്ടും ജീവിതത്തില്‍ സ്വസ്ഥതയില്ലെന്നും ജീവനൊടുക്കുകയാണെന്നും സൂചിപ്പിച്ചിരുന്നു.
ഷീജയുടെ അമ്മ ശ്യാമളയ്ക്കും മോശം അനുഭവമുണ്ടായി. ഷീജയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ പരിചരിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയ അമ്മയോട് ഭര്‍ത്താവ് പരുഷമായി സംസാരിച്ചതായി ഷീജ നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ശമ്പളം ഭര്‍ത്താവുമായി ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഷീജയുടെ ആവശ്യത്തിന് പണമെടുക്കാന്‍ ഭര്‍ത്താവ് സമ്മതിച്ചിരുന്നില്ല. റെഡിച്ചില്‍ വീട് വാങ്ങിയത് ഷീജയുടെ ശമ്പളം ഉപയോഗിച്ചാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം ഒരു നോക്ക് കാണാനെങ്കിലും അനുവദിക്കണമെന്നാണ് അമ്മയുടേയും അച്ഛന്റെയും ആവശ്യം. മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുവദിക്കണമെന്ന് കുടുംബം നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമപ്രകാരം ഭര്‍ത്താവിന്റെ കൂടി സമ്മതമുണ്ടെങ്കിലേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകൂവെന്നാണ് പ്രദേശ മലയാളികള്‍ പറയുന്നത്. ഭര്‍തൃ പീഡനമെന്ന പരാതിയുള്ളതിനാല്‍ അക്കാര്യം ഹൈക്കമ്മീഷന് ബോധ്യമായാല്‍ ഇടപെടല്‍ ഉണ്ടാകും.
നഴ്സായ ഷീജ ഭർത്താവ് ബൈജുവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഇംഗ്ലണ്ടിലെ റെഡ്ഡിച്ചിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ഷീജ മരിച്ചതായി നാട്ടിലുള്ള ബന്ധുക്കൾക്കു വിവരം ലഭിച്ചു. ബൈജുവിന്റെ സുഹൃത്തുക്കളാണു വിവരം ബന്ധുക്കളെ അറിയിച്ചത്. എന്നാൽ പിന്നീടു നടത്തിയ അന്വേഷണത്തിൽ ഷീജ ആത്മഹത്യ ചെയ്തതാണെന്നാണു ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഷീജ സുഹൃത്തിനയച്ച ശബ്ദസന്ദേശം കൂടി ലഭിച്ചതാണ് ബന്ധുക്കളുടെ സംശയം വർധിപ്പിച്ചത്.ഷീജയ്‌ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാന്‍ അവസരം ലഭിച്ച ബൈജു ഫിറ്റിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു. ആയുഷ്, ധനുഷ് എന്നിവരാണ് മക്കള്‍.