അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: യുഎസ് സി നിർത്തലാക്കിയാൽ രാജ്യത്ത് വിലക്കയറ്റത്തിനു സാധ്യതയെന്നു റിപ്പോർട്ടുകൾ. നിലവിലെ നികുതി നിലവാരത്തിന്റെ അടിസ്ഥാനത്തിലാകും ഇനിയുള്ള നടപടികളെല്ലാമെന്നു വ്യക്തമാകുന്നതിനിടെയിലാണ് ഇപ്പോൾ പുതിയ നടപടിക്രമങ്ങൾ എത്തിയിരിക്കുന്നത്.
ഫിനഗേൽ സഖ്യത്തിന്റെ മുൻ ധാരണ പ്രകാരം യൂണിവേഴ്‌സൽ സോഷ്യൽ ചാർജ്ജ് (യു.എസ്.സി)പൂർണ്ണമായി നിർത്തലാക്കുന്ന പക്ഷം പ്രോപ്പർട്ടി ടാക്‌സിൽ 600% വർദ്ധനവ് വരുത്താനും, ഇതിനു പുറമെ പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്ക് വില കൂട്ടാനും സാധ്യതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനിടെയാണ് ഇപ്പോൾ ഒരു വിഭാഗം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതിനാൽ യു.എസ്.സി നിർത്തലാക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ല എന്ന് ധനകാര്യ വകുപ്പിന്റെ രേഖയിൽ പറയുന്നു. യു.എസ്.സിയിൽ നിന്നും ലഭിക്കുന്ന റവന്യൂ കുറവ് നികത്താനാണ് മറ്റ് വഴികളിലൂടെ ടാക്‌സ് വർദ്ധിപ്പിക്കാനുള്ള തീരുമാനം. ധനകാര്യവകുപ്പ് മുന്നോട്ടു വയ്ക്കുന്ന നാല് പരിഹാര മാർഗങ്ങൾ ഇവയാണ്:
പ്രോപ്പർട്ടി ടാക്‌സ് ആറു മടങ്ങ് വർദ്ധിപ്പിക്കുന്നതിനു പുറമെ കൊമേഴ്ഷ്യൽ പ്രോപ്പർട്ടി സ്റ്റാംപ് ഡ്യൂട്ടി 1.75% വർദ്ധിപ്പിക്കുക, സ്റ്റാംപ് ഡ്യൂട്ടി 3% വർദ്ധിപ്പിക്കുക, ക്യാപിറ്റൽ ഗെയ്ൻസ് ടാക്‌സ് 38% ആക്കി വർദ്ധിപ്പിക്കുക, ക്യാപിറ്റൽ അക്വിസിഷൻസ് ടാക്‌സ് 43% ആക്കുക എന്നീ വഴികളും ആലോചനയിലുണ്ട്.
രണ്ടാമത്തെ മാർഗമായി പെട്രോൾ, ഡീസൽ വില 18% വർദ്ധിപ്പിക്കും. ബിയറിന് 1.50 യൂറോയും, ഹാഫ് ഗ്ലാസ് മദ്യത്തിന് 1 യൂറോയും എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിക്കുയും ചെയ്യും. ടൂറിസം മേഖലയിലെ വാറ്റ് (VAT) 13.5% ആക്കി വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്.
മൂന്നാമത്തെ ഓപ്ഷനായി ഇൻകം ടാക്‌സ് 25% വർദ്ധിപ്പിക്കും. അവസാന ഓപ്ഷൻ കോർപ്പറേഷൻ ടാക്‌സ് 12.5%ൽ നിന്നും 19.75% ആയി വർദ്ധിപ്പിക്കലാണ്.