കേരളീയ കലകളുടെ നിറഭേദങ്ങള്‍ നിറഞ്ഞാടിയ കലാമാമാങ്കത്തില്‍ കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ ഈ വര്‍ഷത്തെ യുക്മ ഈസ്റ്റ് ആംഗ്ലിയ ചാമ്പ്യന്മാരായി. ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ 101 പോയിന്റോടെയാണ് കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കിയത.
ഈസ്റ്റ് ആംഗ്ലിയയിലെ വിവിധ മലയാളി അസ്സോസിയേഷനുകളിലെ കലാപ്രതിഭകള്‍ തമ്മില്‍ നടന്ന പോരാട്ടത്തിനൊടുവില്‍ 87 പോയിന്റുകളോടെ ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍ രണ്ടാംസ്ഥാനവും 80 പോയിന്റുകളുമായി നോര്‍വിച്ച് മലയാളി അസ്സോസിയേഷന്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഇപ്‌സിവിച്ച് മലയാളി അസോസിയേഷന് ഇത്തവണ 76 പോയിന്റുകളുമായി നാലാം സ്ഥാനവും നേടി.
മത്സരങ്ങള്‍ക്കൊടുവില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലെ അലന്‍ എബ്രാഹം 11 പോയിന്റുകളോടെ കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍ മത്സരാര്‍ത്ഥി സ്‌നേഹ സജി 15 പോയിന്റുകളോടെ കലാ തിലകവുമായി. ഭരതനാട്യത്തിലും, ഫോള്‍ക്ക് ഡാന്‍സിലും മോഹിനിയാട്ടത്തിലും ഒന്നാംസ്ഥാനം നേടിയാണ് സ്‌നേഹ കലാതിലകം കരസ്ഥമാക്കിയത്.
ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ കലാമേള ആരംഭിച്ചത്. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം മത്സരാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാല്‍ അരങ്ങുതകര്‍ത്തു. നിശ്ചയിച്ചപ്രകാരം ഒന്‍പതുമണിയോടുകൂടിത്തന്നെ ഇത്തവണ മത്സരങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞതും സംഘാടക മികവായി. മത്സരങ്ങള്‍ നേരത്തെ ആരംഭിച്ചെങ്കിലും ഏകദേശം പതിനൊന്നരയോടെ യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം ആണ് കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഉദ്ഘാടന സമ്മേളനത്തില്‍ ഈസ്റ്റ് ആംഗ്ലിയ സെക്രട്ടറി ഓസ്റ്റില്‍ അഗസ്റ്റിന്‍ സ്വാഗതവും പ്രസിഡന്റ് സണ്ണി മത്തായി അദ്ധ്യക്ഷപ്രസംഗവും നടത്തി. യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നു. വിവിധ വേദികളിലെ ഒന്നിനൊന്ന് മികവുപുലര്‍ത്തിയ മത്സരങ്ങള്‍ കാണികളേയും നന്നായി രസിപ്പിച്ചു. ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമാറ്റിക് ഡാന്‍സിനൊപ്പം ഫാന്‍സി ഡ്രെസ്സും ഫോള്‍ക്ക് ഡാന്‍സും ഒപ്പനയും ഭരതനാട്യവും എല്ലാം ഒരേസമയം നിലവാരവും വാശിയും പുലര്‍ത്തുന്ന മത്സരങ്ങളായും മാറി.
ഈസ്റ്റ് ആംഗ്‌ളീയ റീജിയണല്‍ കമ്മറ്റിയുടെ ചിട്ടയായ പ്രകടനത്തിലൂടെ കലാമേള വന്‍ വിജയമാക്കിയ ഭാരവാഹികളെ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ അഭിനന്ദിച്ചു. റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായിയുടെ സംഘടനാ മികവും കലാമേള കോര്‍ഡിനേറ്റര്‍ തോമസ് മാറാട്ടുകളത്തിന്റെ പ്രവര്‍ത്തി പരിചയവും സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്റെ സാങ്കേതിക മികവും ട്രഷറര്‍ അലക്‌സ് ലൂക്കോസിന്റെ പ്രവര്‍ത്തനവും ഒരേ ലക്ഷ്യത്തില്‍ മുന്നേറിയപ്പോള്‍ മറ്റൊരു വിജയ മുഹര്‍ത്തത്തിനൂം ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ സാക്ഷ്യയായി. കൂടാതെ കമ്മറ്റി അംഗങ്ങളായ ലിസി നോര്‍വിച്ച്, കുഞ്ഞുമോന്‍ ജോബ്, എബ്രാഹം ലൂക്കോസ് എന്നിവരുടെ കഠിനാധ്വാനവും കലാമേള വിജയകരമാക്കുന്നതില്‍ സഹായിച്ചു. സൗത്തെന്റ് ഓണ്‍സി അസോസിയേഷന്‍ ഭാരവാഹിയായ ഷാജി വര്‍ഗ്ഗീസിന്റെ പ്രവര്‍ത്തനവും ശ്രദ്ധേയമായി. ആതിഥേയ അസോസിയേഷനായ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജോ ജിറ്റി, സെക്രട്ടറി സജിലാല്‍ വാസുവിന്റെയും സഹായ സഹകരണവും പ്രശംസിനീയമാണ്. പ്രധാന സ്‌റ്റേജിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച ബേബി തോമസ്, കനേഷ്യസ് അത്തിപ്പൊഴിയില്‍, ദീപാ ഓസ്റ്റിന്‍ തുടങ്ങിയവര്‍ അവരുടെ ജോലികള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.
രണ്ടാം സ്‌റ്റേജില്‍ ലിസി നോര്‍വിച്ചും, മുന്നാം സ്‌റ്റേജില്‍ ജെസനൂം, ജെയിന്‍സ് ജോസഫും മത്സരങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിച്ചു. അലക്‌സ് ലൂക്കോസിനൂം എലിസബത്ത് മത്തായിക്കുമായിരുന്നൂ റിസപ്ഷന്‍ ഡെസ്‌കിന്റെ ചുമതല.
വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങില്‍ യുക്മ നാഷണ്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് മുഖ്യാഥിതിയായി. കലാമേളയില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കൂം കലാമേള കോഡിനേറ്ററും നാഷണല്‍ എക്‌സിക്യുട്ടീവ് അംഗവുമായ തോമസ് മാറാട്ടുകളം നന്ദി പറഞ്ഞതോടുംകൂടി ഒരുദിവസം നീണ്ടുനിന്ന കലയുടെ മാമാങ്കത്തിന് തിരശ്ശീലയും വീണു.