സ്വന്തം ലേഖകൻ
ഡബ്ലിൻ: വീടുകൾക്ക് ഊർജ്ജത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നൽകുന്ന പദ്ധതി നടപ്പാക്കാൻ ഐറിഷ് സർക്കാരും.ഇതിന്റെ ഭാഗമായി രാജ്യത്തെ വീടുകൾ നവീകരിക്കാനായി യൂറോപ്യൻ യൂണിയനിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ ഫണ്ട് കടം വാങ്ങുമെന്ന് ക്ലൈമറ്റ് ചെയ്ഞ്ച് മിനിസ്റ്റർ ഡെനിസ് നോട്ടൻ പറഞ്ഞു.യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ (ഇ.ഐ.ബി) നിന്നും കടമെടുക്കുന്ന ഈ പണം രാജ്യത്തിന്റെ കടമായി പരിഗണിക്കപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ ഈ പദ്ധതി വിജയകരമായി പൂർത്തീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയർലണ്ടിൽ ഒരു മില്ല്യണോളം വീടുകൾ നന്നാക്കിയെടുത്താൽ ഊർജ്ജപ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കെട്ടിടങ്ങളിൽ ലഭിക്കുന്ന ചൂട് വൈദ്യുതോർജ്ജമാക്കി മാറ്റുന്ന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കാൻ പോകുന്നത്. ഇതിന് ആവശ്യമായ ഉപകരണങ്ങൾ വീടുകളിൽ സ്ഥാപിക്കാനായി കമ്പനികളെ ചുമതലപ്പെടുത്തും. നിലവിൽ സ്ഥാപിച്ചിരിക്കുന്ന ഇത്തരം ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്യും.
വീടുകളെ ഊർജ്ജത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കുന്നത് ഓരോ വീട്ടിലും എനർജി ബിൽ കുറയാനും കാരണമാകും. 2030ലെ ക്ലൈമറ്റ് ടാർഗറ്റുമായി ബന്ധപ്പെടുത്തിയാണ് നോട്ടൻ സർക്കാർ പദ്ധതി വിശദീകരിച്ചത്.