അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഏതു വിധേനയും സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്ന ഫൈൻ ഗായേലും ഫിന്നാ ഫെയിലും തമ്മിൽ ധാരണയുണ്ടാക്കിയതായി സൂചന. വാട്ടർ ചാർജ് പ്രശ്‌നത്തിൽ തുടർന്നിരുന്ന തർക്കങ്ങൾ പറഞ്ഞു തീർത്തു പരിഹരിച്ചാണ് ഇപ്പോൾ ഫൈൻ ഗായേലും ഫിന്നാ ഫെയിലും തമ്മിൽ ധാരണയിൽ എത്തിച്ചേർന്നിരിക്കുന്നത്. തർക്കം പരിഹരിക്കുന്നതിനായി വാട്ടർ ചാർജ്ജ് പ്രശ്‌നത്തിൽ മൂന്നു ഘട്ട കരാറുമായാണ് ഫിന്നാഫെയിലും ഫൈൻഗായേലും ഒപ്പിട്ടിരിക്കുന്നത്. എൻഡ കെന്നി ഒപ്പുവയ്ക്കാനിരിക്കുന്ന കരാർ പ്രകാരം വാട്ടർ ചാർജ്ജ് രണ്ടു വർഷത്തേയ്ക്ക് നിർത്തിവയ്ക്കും. ഒപ്പം വാട്ടർ ചാർജ്ജ് പുനഃപരിശോധിക്കാനായി കമ്മീഷനെ നിയോഗിക്കുകയും ചെയ്യും.
ഐറിഷ് വാട്ടറിന്റെ ഇൻഫ്രാസ്ട്രക്ചർ, ഫണ്ടിങ് തുടങ്ങിയവയാണ് കമ്മീഷൻ പരിശോധിക്കുകയെങ്കിലും, വാട്ടർ ചാർജ്ജ് നിലനിർത്തേണ്ടതുണ്ടോ എന്നതും പരിശോധനാവിഷയമാകും. കമ്മീഷൻ നൽകുന്ന റിപ്പോർട്ട് പ്രകാരം പാർലമെന്റിൽ രൂപീകരിക്കുന്ന കമ്മിറ്റി തീരുമാനമെടുക്കും. ഈ തീരുമാനം എന്തു തന്നെയായാലും ഫൈൻഗായേലും, ഫിന്നാഫെയിലും അംഗീകരിക്കാൻ ബാധ്യസ്ഥരാണ് എന്നാണ് കരാർ.
ഇന്നലെ രാത്രിയോടെ താൽക്കാലികമായി അവസാനിച്ച ഫൈൻഗായേലും ഫിന്നാഫെയിലും ചർച്ച ഇരുപാർട്ടികൾക്കും ശുഭപ്രതീക്ഷകൾ നൽകിയാണ് പിരിഞ്ഞത്. ചർച്ച ഇന്നും തുടരുമെന്ന് കാർഷിക മന്ത്രി സൈമൺ കൊവേനി പറഞ്ഞു.
അതേസമയം വാടകവർദ്ധനവ്,മോർട്ട്‌ഗേജ് തുടങ്ങിയ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിൽ ഇനിയും ഐക്യത്തിലെത്തേണ്ടതുണ്ടെന്നാണ് ഫിന്നാഫെയിൽ ഡെപ്യൂട്ടി ജിം ഒ കാല്ലഗൻ പറഞ്ഞത്. ചർച്ചകൾക്ക് ചെറിയ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാട്ടർ ചാർജ്ജ് പ്രശ്‌നം ഇന്ന് പാർലമെന്റ് ചർച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം അടുത്തതായി അധികാരമേൽക്കുന്ന സർക്കാരിന് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയായിരിക്കും കടന്നുപോകേണ്ടിവരികയെന്ന് ധനകാര്യ വകുപ്പ് മുന്നറിയിപ്പു നൽകി. 2017 വരെ വളർച്ചയുണ്ടാകാമെങ്കിലും, ശേഷം കടുത്ത മാന്ദ്യമാണ് കാത്തിരിക്കുന്നത്.
ഈ വർഷം ഇതുവരെയുള്ള ഇൻകം ടാക്‌സ്, വാറ്റ് തുടങ്ങിയവയിലൂടെ ഖജനാവിലെത്തിയ തുക വളരെ കുറവാണെന്നും വകുപ്പ് പറയുന്നു.വാട്ടർ ചാർജ് കൂടി വേണ്ടെന്നു വെയ്ക്കുമ്പോൾ രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് വരുമെന്നാണു അവരുടെ വാദം.