ഡബ്ലിന്‍: വാട്ടര്‍ ഗ്രാന്റിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി അടുത്തുവരുമ്പാഴും അപേക്ഷ നല്‍കിയവരുടെ എണ്ണം പകുതിയില്‍ താഴെയെന്ന് കണക്കുകള്‍. ഈ വ്യാഴാഴ്ച അതായത് ഒക്ടോബര്‍ 8 വരെയാണ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റിന് അപേക്ഷ നല്‍കാനുള്ള സമയപരിധി. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് 100 യൂറോ വാട്ടര്‍ ഗ്രാന്റ് നല്‍കുന്നത്. പുതിയ കണക്കുകളനുസരിച്ച് 6 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് വാട്ടര്‍ ഗ്രാന്റിന് അപേക്ഷിച്ചിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ വാട്ടര്‍ ഗ്രാന്റിന് അപേക്ഷ നല്‍കാനാവശ്യപ്പെട്ട് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 1.3 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലെറ്ററുകള്‍ അയച്ചിരുന്നു. എന്നാല്‍ 7 ലക്ഷം പോര്‍ ഇനിയും അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കാത്തവരുടെ അവസരം നഷ്ടപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
watergrant.ie എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 8 രാത്രി 12 മണിവരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അവസാനതീയതി വരെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് വക്താവ് അറിയിച്ചു. ഉപഭോക്താക്കള്‍ പതിവായി വിളിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം അവസാനതീയതി അവസാനിക്കാന്‍ ഏതാനും ദിവസം കൂടി ശേഷിക്കേ ഐറിഷ് വാട്ടറിലേക്ക് ഗ്രാന്റുമായി ബന്ധപ്പെട്ട സംശയങ്ങളുമായി വിളിച്ചവരുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ധനവുണ്ടായെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. ഗ്രാന്റ് നല്‍കുന്നത് സോഷ്യല്‍ പ്രൊട്ടക്ഷന് ഡിപ്പാര്‍ട്ട്‌മെന്റാണ്. ഗ്രാന്റ് അക്കൗണ്ടിലേക്ക് ലഭിക്കുന്നതിനാല്‍ അക്കൗണ്ട് നമ്പറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങല്‍ ദൂരീകരിക്കുന്നതിനായാണ് പലരും വിളിക്കുന്നത്. കോളുകളുടെ ബാഹുല്യം നിമിത്തം 30 ജീവനക്കാരെയാണ് കോള്‍ സെന്ററിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്ന് ഐറിഷ് വാട്ടര്‍ പറയുന്നു. വാട്ടര്‍ ബില്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളും വരുന്നുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി എത്രപേര്‍ ബില്ലടച്ചുവെന്ന കണക്ക് പുറത്തുവിട്ടിട്ടില്ല.
അതേസമയം ലീക്ക് കണ്ടെത്താനായി മാര്‍ച്ച് മാസം മുതല്‍ നടപ്പാക്കിയ പദ്ധതി ഫലപ്രദമാണെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. ദിവസവും 18 മില്യണ്‍ ലിറ്റര്‍ കുടിവെള്ളം പാഴായിപോകുന്നത് കണ്ടെത്താനായെന്നും അധികൃതര്‍ വ്യക്തമാക്കി. ആഗസ്റ്റില്‍ ഐറിഷ് വാട്ടര്‍ മീറ്ററിലൂടെ 50,000 ഉപഭോക്താക്കളുടെ കുടിവെള്ളം പാഴായി പോകുന്നതായി കണ്ടെത്തിയിരുന്നു. 35000 ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രോപ്പര്‍ട്ടിയില്‍ ലീക്കുണ്ടെന്നറിയിച്ച് ലെറ്റര്‍ അയയ്ക്കുകയും ചെയ്തു. ലീക്ക് പരിഹരിക്കുന്നതിന്റെ ചെലവ് ഉപഭോക്താക്കള്‍ വഹിക്കേണ്ടിവരും.