സ്വന്തം ലേഖകൻ
ഡബ്ലിൻ: മഞ്ഞുകാലത്തെ രോഗങ്ങൾ മൂലമുള്ള മരണസംഖ്യ 45 ആയതായി എച്ച്എസ്ഇ അധികൃതർ വ്യക്തമാക്കുന്നു. മഞ്ഞുകാലത്ത് വൈറസുകളെ പ്രതിരോധിക്കാൻ സാധിക്കാത്തതു മൂലമാണ് ഇത്തരത്തിൽ രോഗങ്ങളും ഇതു മൂലമുണ്ടാകുന്ന വൈറസുകളും വർധിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ എച്ച്എസ്ഇ കർശന നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, മഞ്ഞുകാലത്തെ ഏറ്റവും മോശം സാഹചര്യം കഴിഞ്ഞു പോയതായും ഇത്തവണ ഇനി പേടിക്കേണ്ട കാര്യമില്ലെന്നും എച്ച്എസ്ഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിൽ മഞ്ഞു കാലത്തിന്റെ തുടക്കത്തിൽ തന്നെ വൈറസ് ആക്രമണത്തിന്റെ പേരിൽ 1500 രോഗികളാണ് അഡ്മിറ്റ് ആയിരുന്നത്. ഇവരിൽ പലർക്കും സ്വിൻ ഫ്യൂ പടർത്തുന്ന എച്ച്1 എൻ1 വൈറസുകളാണ് കണ്ടെത്തിയിരുന്നത്. ഇത്തരത്തിൽ എച്ച്1 എൻ1 രോഗാണുക്കൾ കണ്ടെത്തിയ 125 പേരെ അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സയ്ക്കു വിധേയനാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ഫഌ ബാധ കണ്ടെത്തിയ ആളുകളെ ചികിത്സയിലൂടെ നേരെയാക്കിയിട്ടുണ്ടെന്നും, ഇവരിൽ ഏറെപ്പേരും സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുന്നതായി എച്ച്എസ്ഇയുടെ ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ വ്യക്തമാക്കുന്നു. രാജ്യത്തെ 100,000 പേരിൽ കഴിഞ്ഞ ആഴ്ച്ച ഫഌബാധയുടെ നിരക്ക് 16.9ശതമാനമായിരുന്നു. രണ്ടാഴ്ച മുൻപ് 29.5 ശതമാനമുണ്ടായിരുന്ന നിരക്കാണ് ഇത്തവണ കുറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ആദ്യ ആഴ്ചയിലെ ശരാശരി നിരക്കായ 18 ശതമാനത്തിലേയ്ക്കു ഇതുവരെ എത്തിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്നു എച്ച്എസ്ഇ അധികൃതർ വ്യക്തമാക്കി.