
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര അര്‍ച്ചന നടത്തി എന്‍എസ്എസ് കരയോഗം പ്രസിഡന്റ്. കൊല്ലം ഇടമുളക്കല്‍ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പര്‍ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചല്‍ ജോബാണ് സ്പീക്കര്‍ക്ക് വേണ്ടി ശത്രുസംഹാര അര്‍ച്ചന നടത്തിയത്. എന്‍എസ്എസ് സ്പീക്കര്‍ക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടയാണ് എ എം ഷംസീറിനെ അനുകൂലിച്ചുള്ള പൂജ.
അതേസമയം എ എന്‍ ഷംസീറിനോട് രാജി വയ്ക്കാനല്ല എന്‍എസ്എസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാപ്പ് പറയണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ വിരോധമാണ്. ആ പരാമര്‍ശങ്ങള്‍ ഹൈന്ദവ ജനതയുടെ ചങ്കില് തറച്ചു. എല്ലാ മതങ്ങളേയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.