നിങ്ങള്‍ കണ്ടിട്ടുള്ള സിനിമകളിലെ ഇളക്കകാരികളായ നഴ്‌സുമാരല്ല യഥാര്‍ത്ഥ മലാഖമാര്‍; ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോയിട്ടുള്ളവര്‍ വായിക്കാന്‍ ഒരു നഴ്‌സിന്റെ കുറിപ്പ്

നഴ്‌സുമാര്‍ക്കുനേരെ പൊതുസമൂഹത്തിന്റെ അവഗണനകളും അവജ്ഞയും ഇന്നും തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ലോകം മുഴുവന്‍ നഴ്‌സസ് ഡേ ആഘോഷിച്ചത്….

അന്ന് മാത്രം തങ്ങളെ പുകഴ്ത്തി പാടുന്ന ലോകത്തോട് നഴ്‌സുമാരുടെ അനുഭവങ്ങള്‍ പറയുകയാണ് പ്രവാസിയായ യുവാവ്…
ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോയിട്ടുള്ളവര്‍ വായിച്ചിരിക്കേണ്ടത് എന്ന മുന്നറിയിപ്പോടെയാണ് അബ്ദുള്‍ റഹ്മാന്‍ എന്ന വിദേശി നേഴ്സ് തന്റെ അനുഭവക്കുറിപ്പ് വിവരിച്ചിരിക്കുന്നത്. അബ്ദുള്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല വിധത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും കുത്ത് വാക്കുകളും കേള്‍ക്കുന്നതിനിടയില്‍ ഇതേ പോലെ ഹൃദയം കൊണ്ട് പറയുന്ന ഒരു നന്ദി വാക്ക് കേള്‍ക്കുമ്പോളുള്ള സുഖമുണ്ടല്ലോ സാറേ…അത് പറഞ്ഞറിയിക്കാനാവില്ല…. ഇന്നു മാത്രം മാലാഖമാരെന്ന് വിളിച്ചു പോസ്റ്റിട്ടു പുകഴ്ത്താതെ നേഴ്സുമാരോടുള്ള കാഴ്ചപ്പാട് മാറ്റാന്‍ ഈ ദിവസം ഒരു തുടക്കമാവട്ടെ……..

******പരലോകം കണ്ടു വന്ന ഹൃദയത്തിന്റെ നന്ദി പ്രകടനം******

നൈറ്റ് ഡ്യൂട്ടിയിലെ തിരക്കുകള്‍ എല്ലാം തീര്‍ത്തു ഞാനും ഇഖ്ബാല്‍ ഡോക്ടറും ക്യാഷ്വലിറ്റിയില്‍ ഇരുന്ന് കുശലം പറയുകയായിരുന്നു..ബാക്കി രണ്ട് സ്റ്റാഫുകളും വേറെ ഏതോ വാര്‍ഡുകളില്‍ പോയിരിക്കുകയായിരുന്നു..അപ്പോളാണ് അയാള്‍ നെഞ്ചില്‍ കൈ വെച്ചുകൊണ്ട് ക്യാഷ്വലിറ്റിയിലേക്ക് കയറി വരുന്നത്….കൂടെ മക്കളെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കളും ഉണ്ട്….നെഞ്ച് വേദനയുടെ കാഠിന്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ പെട്ടെന്ന് ഇസിജി എടുക്കാന്‍ പറയാന്‍ ഡോക്ടര്‍ക്ക് അധികം ടൈമ് വേണ്ടി വന്നില്ല.

അറ്റന്റര്‍ ചേച്ചിയെകൊണ്ട് ട്രോളിയുടെ അറ്റം പിടിപ്പിച്ചു എമെര്‍ജെന്‍സി റൂമിലേക്ക് കയറ്റി ഞാന്‍ വേഗം ഇസിജി ലീഡുകള്‍ ഓരോന്നായി നെഞ്ചില്‍ കണക്ട് ചെയ്യാന്‍ തുടങ്ങി …പെട്ടെന്നാണ് അത് സംഭവിച്ചത്..ഒരു ദീര്‍ഘ ശ്വാസത്തോടെ അയാള്‍ ഒരു പിടച്ചില്‍ പിടഞ്ഞു ആ ശ്വാസം നിലക്കുകയും ചെയ്തു. ഒരു സഡന്‍ കാര്‍ഡിയാക് അറസ്റ് സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ സമയം തന്നെ ഇസിജി ലീഡുകള്‍ പറിച്ചെറിഞ്ഞ് സിപിആര്‍ തുടങ്ങിയ ഞാന്‍ ഡോക്ടര്‍ എന്ന് ഉറക്കെ വിളിച്ചു…ഓടിയെത്തിയ ഡോക്ടര്‍ അറ്റെന്ററെയും കൂട്ടി ട്രോളി തള്ളി ഐസിയുവിലേക്ക് നീങ്ങി…സിപിആര്‍ ചെയ്തുകൊണ്ട് കൂടെ ഞാനും….ഐസിയുവില്‍ എത്തിയ ഉടനെ ഡീഫിബ്രിലേഷന്‍ (ഷോക്ക്) സിപിആറും ഞാന്‍ തുടര്‍ന്നു..കാര്‍ഡിയോളജിസ്റിനെ ഇന്‍ഫോമ് ചെയ്യലും ബാക്കി ചികിത്സകളും ഡോക്ടറുടെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നു

കാര്ഡിയോളജിസ്റ് വേഗം തന്നെ എത്തി..വിശദ പരിശോധനകള്‍ക്ക് ശേഷം രോഗിയുടെ നില അതീവ ഗുരുതരം ആണെന്നും ആഞജിയോപ്ലാസ്റ്റി സൗകര്യങ്ങളോട് കൂടിയ വലിയ ആശുപത്രിയിലേക്ക് എത്രയും വേഗം മാറ്റേണ്ടതിന്റെ ആവശ്യകതയും കൂടെയുള്ളവരെ അറിയിച്ചു..ഇതിനിടയില്‍ ഹൃദയ മിടിപ്പ് സാധാരണ നിലയിലേക്ക് വന്ന് തുടങ്ങി..മൊബൈല്‍ ഐസിയു സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് തൃശൂര്‍ നിന്നും അറേന്‍ജ്ജ് ചെയ്ത് ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ അയാളെ പെരിന്തല്‍മണ്ണയിലെ വലിയ ആശുപത്രിയിലേക്ക് മാറ്റി..അപ്പോളും അബോധാവസ്ഥയില്‍ തന്നെയായിരുന്നു അയാള്‍.

പിറ്റേ ദിവസം എനിക്കും എന്റെ കസിന്‍ ബ്രദറിന്റെ ഒരു ചികിത്സാ ആവശ്യത്തിന് വേണ്ടി ആ ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നു..അവിടെ എത്തിയ ഉടനെ ഞാന്‍ ഐസിയുവില്‍ ചെന്ന് രാത്രി ഷിഫ്റ്റ് ചെയ്ത രോഗിയെ പറ്റി അന്വേഷിച്ചു,,അവിടെ ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ് നെഞ്ചില്‍ പിടിപ്പിച്ച കുറെ കേബിളുകളുമായി ബെഡില്‍ അല്പം തലയുയര്‍ത്തി കിടക്കുന്ന അരികിലേക്ക് ചെന്ന എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അയാള്‍ ഒന്ന് പുഞ്ചിരിച്ചു ….ഞാന്‍ പതിയെ അവിടെ നിന്നും തിരിച്ചിറങ്ങി…

രണ്ടാഴ്ചകള്‍ക്ക് ശേഷം പകല്‍ പതിനൊന്ന് മണി സമയത്ത് ഒരു ആക്സിഡന്റ് കേസിന്റെ തിരക്കില്‍ ക്യാഷ്വലിറ്റിയില്‍ പരക്കം പായുന്ന എന്നെ നോക്കി പുറത്തെ വരാന്തയില്‍ കുറെ നേരമായി രണ്ട് മൂന്നു പേര് നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..ഇടക്ക് വരാന്തയിലേക്ക് ഇറങ്ങിയപ്പോള്‍ അവര്‍ എന്റെ അരികിലേക്ക് വന്ന് ഈ ആളെ മനസ്സിലായോ എന്ന് ചോദിച്ചു..കൂടെയുള്ള ചെറുപ്പക്കാരനാണ് ചോദിച്ചത്..ഒന്ന് സൂക്ഷിച്ചു നോക്കി എനിക്ക് എവിടെയോ കണ്ട് പരിചയം ഉണ്ടെന്നും വ്യക്തമായില്ല എന്നും ഞാന്‍ പറഞ്ഞു …

അപ്പോള്‍ അയാള്‍ എന്റെ കൈ പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. ‘കുറച്ച് ദിവസം മുന്‍പ് അറ്റാക്ക് വന്ന ഒരാളെ മോന്‍ രക്ഷിച്ചു പെരിന്തല്മണ്ണയിലേക്ക് വിട്ടിരുന്നില്ലേ..ആ ആളാണ് ഞാന്‍..ഇവിടെ നിന്ന് ബോധം പോകും മുന്‍പ് ഞാന്‍ അവസാനം കണ്ട മുഖം മോന്റെ ആയിരുന്നു…മറക്കില്ല മോനെ നിന്നെ..ഒരുപാട് നന്ദിയുണ്ട് ‘ ഇത്രയും പറയുമ്പോളേക്ക് അയാളുടെ കണ്ണ് നിറഞ്ഞിരുന്നു…ഹെയ് അതെല്ലാം ജോലിയുടെ ഭാഗമാണ്..ഇടക്കിടെ ആര്‍കെങ്കിലും ഒക്കെ ഇതേ പോലെ സംഭവിക്കാറുള്ളതാണെന്നും പറഞ്ഞു ഞാന്‍ ആക്സിഡന്റ് കേസിന്റെ തിരക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു,,അപ്പോളും അയാള്‍ക്കെന്തോക്കെയോ എന്നോട് പറയാന്‍ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി…..

ഒരുപാട് നേഴ്‌സസ് ഇതേ പോലെ പലരുടെയും ജീവന്‍ അവസാന നിമിഷങ്ങളില്‍ ഹോസ്പിറ്റല്‍ ഡ്യൂട്ടി ടൈമുകളില്‍ രക്ഷിക്കുന്നുണ്ട്..എന്റേത് അതിലൊന്ന് മാത്രമാണ്…ആരും വന്ന് ഒരു വാക്ക് കൊണ്ട് പോലും നന്ദി പറഞ്ഞില്ലെങ്കില്‍ പോലും അതെല്ലാം ഇനിയും അതെ പോലെ തന്നെ തുടരുകയും ചെയ്യും…പക്ഷെ പല വിധത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും കുത്ത് വാക്കുകളും കേള്‍ക്കുന്നതിനിടയില്‍ ഇതേ പോലെ ഹൃദയം കൊണ്ട് പറയുന്ന ഒരു നന്ദി വാക്ക് കേള്‍ക്കുമ്പോളുള്ള സുഖമുണ്ടല്ലോ സാറേ…അത് പറഞ്ഞറിയിക്കാനാവില്ല ….

സിനിമയില്‍ തസ്‌നി ഖാന്‍ പ്രതിനിനിധീകരിക്കുന്ന ആ ഇളക്കക്കാരികളായ നേഴ്‌സസ് അല്ല യഥാര്‍ത്ഥ നേഴ്സ്…അത് മനസ്സിലാകണമെങ്കില്‍ സ്വന്തമായോ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയോ അല്പം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ഒന്ന് കിടക്കണം….പര സഹായം വേണ്ട അവസ്ഥയില്‍ ഉണ്ണാനും പെടുക്കാനും ഒന്ന് ചെരിഞ്ഞ് കിടക്കാനും പോലും പരസ്യമായി മാലാഖ എന്നു വിളിക്കുകയും രഹസ്യമായി ദുഷ്ട ചിന്തയോടെയും കാമ കണ്ണുകളോടെയും മാത്രം പലപ്പോഴും നിങ്ങളൊക്കെ നോക്കിയിട്ടുള്ള നേഴ്സ് മാത്രമേ കാണു …. അതുകൊണ്ട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..ഞങ്ങളും മനുഷ്യരാണ്…മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ള പച്ചയായ മനുഷ്യര്‍

Top