കോഴിക്കോട്: തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ സ്ഥാനത്ത് തന്നെ പുതിയ പള്ളി നിര്‍മ്മിച്ചുകിട്ടണമെന്ന് മുസ്ലീങ്ങള്‍ വശിപിടിക്കരുതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള. ആര്‍.എസ്.എസ് അനുകൂല സംഘടനയായ സമന്വയ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് ഒ. അബ്ദുള്ളയുടെ വിവാദ പ്രസ്താവന.
അയോധ്യയിലെ തര്‍ക്ക് മന്ദിരം നിലനില്‍ക്കുന്ന സ്ഥലം ഭൂരിപക്ഷ മതവിഭാഗത്തിന് വിട്ടുകൊടുത്താല്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണ് അയോധ്യയിലെ ഭൂമി. അവിടെ തന്നെ പള്ളി പണിയണമെന്ന് വാശി പിടിക്കരുത്. അത്തരത്തിലൊരു കാര്യവും ഖുറാനില്‍ പറഞ്ഞിട്ടില്ല. ഭൂരിപക്ഷം പുണ്യഭൂമിയായി കരുതുന്ന സ്ഥലത്തെ സംബന്ധിച്ച് എന്തിനാണ് തര്‍ക്കമെന്നും ഒ. അബ്ദുള്ള ചോദിച്ചു. പള്ളിയാണെന്ന് പറയുന്നെങ്കിലും ഇപ്പോള്‍ അവിടെ ഇസ്ലാമികമായ ഒരു ചടങ്ങും നടക്കുന്നില്ലെന്നും അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം മേമന് കിട്ടേണ്ട എല്ലാ നിയമ പരിഗണനയ്ക്കും ശേഷമാണ് ശിക്ഷാ നടപടി ഉണ്ടായതെന്നും അബ്ദുള്ള പറഞ്ഞു. ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍ കുട്ടിമാസ്റ്റര്‍, ബി.ജെ.പി നേതാക്കളായ പി.എസ് ശ്രീധരന്‍ പിള്ള, എം.ടി രമേശ്, ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. പി.എ മുഹമ്മദ് റിയാസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
അതേസമയം പ്രസംഗം വിവാദമായപ്പോള്‍ ഒ. അബ്ദുള്ള മലക്കം മറിഞ്ഞു. താന്‍ പ്രസംഗിച്ചതിന്റെ ശരിയായ രൂപമല്ല പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘാടകരുടെ അജണ്ടകള്‍ ഖണ്ഡിച്ചുകൊണ്ടാണ് താന്‍ പ്രസംഗിച്ചതെന്നും അബ്ദുള്ള പറഞ്ഞു.