കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു വട്ടക്കുഴി കാലം ചെയ്തു. 86 വയസായിരുന്നു.കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഉച്ചകഴിഞ്ഞു മൂന്നോടെയോടെയാണ് അദ്ദേഹം അന്തരിച്ചത്.
1930 ഫെബ്രുവരി 20ന് വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളി ഇടവകാംഗ വട്ടക്കുഴിയില്‍ പരേതരായ വാഴൂര്‍ വട്ടക്കുഴി ജോസഫ്-റോസമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. വാഴൂര്‍ എല്‍പി സ്‌കൂള്‍, 18ാം മൈല്‍ മാര്‍ത്തോമ യുപി സ്‌കൂള്‍, പൊന്‍കുന്നം കെവി എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1947ല്‍ ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനു ചേര്‍ന്നു. ശ്രീലങ്കയിലെ കാന്‍ഡി, പൂന മേജര്‍ സെമിനാരികളില്‍ വൈദിക പഠനത്തിനുശേഷം 1956ല്‍ മാര്‍ മാത്യു കാവുകാട്ട് പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
എരുമേലി അസംപ്ഷന്‍ ഫൊറോന, ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരി സേവനം ചെയ്തു. 1959ല്‍ മാര്‍ മാത്യു കാവുക്കാട്ടിന്റെ സെക്രട്ടറിയായി. തുടര്‍ന്ന് കനോന്‍ നിയമത്തില്‍ റോമില്‍നിന്ന് ഡോക്ടറേറ്റ് നേടി. 1964, 73 വര്‍ഷങ്ങളില്‍ ചങ്ങനാശേരി അതിരൂപതയുടെ ചാന്‍സിലറായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം അമേരിക്കയില്‍ സേവനമനുഷ്ഠിച്ചു.
1977 ഫെബ്രുവരിയില്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ ചാന്‍സിലറും വികാരി ജനറാളുമായിരുന്നു. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായപ്പോള്‍ ഒരു വര്‍ഷം രൂപത അഡ്മിനിസ്ട്രേറ്ററായിരുന്നു. 1987 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി അഭിഷിക്തനായി. 2001 ജനുവരിയില്‍ വിരമിച്ചശേഷം കാഞ്ഞിരപ്പള്ളി ബിഷപ്സ് ഹൗസില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 2005ലായിരുന്നു പൗരോഹിത്യ സുവര്‍ണ ജൂബിലി.