കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന്റെ സൂത്രധാരന്‍ അല്‍താഫ് അറസ്റ്റില്‍. ആലുവയിലെ ഹോട്ടലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കൃത്യത്തിന് കൊച്ചിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയത് അല്‍താഫാണെന്ന് പൊലീസ് പറഞ്ഞു.
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത കേസില്‍ ലക്ഷങ്ങളുടെ ക്വട്ടേഷനാണ് അല്‍താഫ് ഏറ്റെടുത്തത്. പക്ഷേ, ഇവര്‍ക്ക് ലഭിച്ചത് വെറും 30,000 രൂപ മാത്രം. പ്രതികളെയും മുംബൈ അധോലോക നായകന്‍ രവിപൂജാരി കബളിപ്പിച്ചു.
പ്രധാന ക്വട്ടേഷന്‍ സംഘം കാസര്‍ഗോഡുള്ളവരായിരുന്നു. ഇവരില്‍ നിന്നുമാണ് ആലുവ സ്വദേശികളിലേക്കു ക്വട്ടേഷന്‍ വന്നത്. ഇവര്‍ പെരുമ്പാവൂര്‍ സംഘത്തിലെ അംഗങ്ങളാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ കേരള പോലീസിനെ വട്ടംകറക്കുന്ന സംഘമാണ് പെരുമ്പാവൂര്‍ ക്രിമിനല്‍ സംഘം. ഇവര്‍ ഏതു കേസും ക്വട്ടേഷന്‍ എടുക്കുന്നവരാണ്. ഇതോടെ കൊച്ചിയില്‍ വീണ്ടും ക്രിമിനലുകള്‍ താവളമാക്കുകയാണെന്ന ഭീതി നിറയുന്നു.
നടിയ്‌ക്കെതിരേയോ സ്ഥാപനത്തിനെതിരേയോ വെടിയുയര്‍ത്ത് പേടിപ്പിക്കണമെന്നായിരുന്നു ഇവര്‍ക്കു ലഭിച്ച നിര്‍ദേശം. അതിനായി ലക്ഷങ്ങളാണ് ഓഫര്‍ ചെയ്തത്. എന്നാല്‍, കിട്ടിയതു വെറും 30,000 രൂപ മാത്രമാണെന്നു അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. ഇനി പിടികൂടാനുള്ളവരെ കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ തുക വ്യക്തമാകുകയുള്ളൂ. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. വീതം വച്ചപ്പോള്‍ കുറഞ്ഞതായിരിക്കാമെന്ന സംശയമുണ്ട്.