ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ ഔദ്യോഗികമായി പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി. മൊത്തം 288 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ധാരാളമുണ്ട്. 83 മൃതദേഹങ്ങളാണ് തിരിച്ചറിയാതെ കിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.
അതേസമയം ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ ട്രിപ്പിള്‍ ട്രെയിന്‍ അപകടത്തില്‍ വൈദ്യുതാഘാതമേറ്റ് നിരവധിപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കോറോമാണ്ടല്‍ എക്സ്പ്രസിലെ 40 യാത്രക്കാര്‍ക്കെങ്കിലും വൈദ്യുതാഘാതമേറ്റിട്ടുണ്ടാകുമെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. ബാലസോറിലെ ജിആര്‍പിയില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ ട്രയിനുകളുടെ കൂട്ടിയിടിയും വൈദ്യുതാഘാതവും മൂലം നിരവധി യാത്രക്കാര്‍ മരണത്തിന് കീഴടങ്ങിയതായി സൂചിപ്പിക്കുന്നു.
ട്രിപ്പിള്‍ ട്രെയിന്‍ അപകടത്തിനിടെ കോച്ചുകള്‍ മറിഞ്ഞതിനാല്‍ ഓവര്‍ഹെഡ് വയറുകള്‍ പൊട്ടിവീണെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും പറഞ്ഞു. അതേസമയം 205 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭുവനേശ്വറില്‍ 110 പേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഇവിടേക്ക് കൈമാറിയിട്ടുണ്ട്. ബാലസോറിലേക്ക് കൈമാറിയത് 94 പേരുടെ മൃതദേഹമാണ്.അതേസമയം ഡിഎന്‍എ സാമ്പിളിംഗാണ് ഇനി ഒഡീഷയില്‍ വലിയ വെല്ലുവിളിയായിട്ടുള്ളത്.
ഇതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ എയിംസില്‍ ഡിഎന്‍എ സാമ്പിളിംഗ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പത്തോളം ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അഞ്ച് കണ്ടെയിനറുകളിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയിരിക്കുകയാണ്. ഡിഎന്‍എ സാമ്പിളിംഗില്‍ തിരക്കിട്ട നടപടികളില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.